സര്‍ക്കാര്‍ പട്ടയം ലഭിക്കുന്നതോടെ ആന്‍ഡ്രൂസിനും മക്കള്‍ക്കും ഇനി ആശ്വാസത്തിന്റെ നാളുകള്‍

post

ആലപ്പുഴ: സ്വന്തമെന്ന് പറയാന്‍ ഒരു സെന്റ് ഭൂമി പോലുമില്ലാതിരുന്ന ആലപ്പുഴ നഗരസഭാ പരിധിയിലെ സര്‍ക്കാര്‍ വെളി സ്വദേശി ആന്‍ഡ്രൂസിനും മക്കള്‍ക്കും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ പട്ടയം ലഭിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഇന്ന് (സെപ്റ്റംബര്‍ 14) നടക്കുന്ന പട്ടയമേളയുടെ ഭാഗമായാണിവര്‍ക്ക് പട്ടയം ലഭിക്കുക. നഗരസഭയിലെ ശുചീകരണ തൊഴിലാളികളായ മുന്‍ തലമുറക്കാര്‍ താമസിച്ചിരുന്ന ഒരു മുറിയും അടുക്കളയും മാത്രമുള്ള ചെറിയ വീട്ടിലാണ് ഇവരുടെ താമസം. കാലപ്പഴക്കത്താല്‍ ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണീ വീട്. 

ഭിന്നശേഷിക്കാരനായ ആന്‍ഡ്രൂസ് ലോട്ടറി കച്ചവടം നടത്തിയായിരുന്നു ഉപജീവനം നടത്തിയത്. കൊറോണ വന്നതോടെ ആ വരുമാനവും നിലച്ചു. ഭിന്നശേഷി പെന്‍ഷന്‍ ലഭിച്ചിരുന്നെങ്കിലും കുറച്ചു നാളുകള്‍ കുട്ടികളുമായി സ്വദേശമായ തമിഴ്‌നാട്ടിലേക്ക് പോയി വന്നപ്പോഴേയ്ക്കും റേഷന്‍ കാര്‍ഡ്, പെന്‍ഷന്‍ എന്നിവയില്‍ നിന്നെല്ലാം പേര് വെട്ടിയിരുന്നു. റേഷന്‍ കാര്‍ഡ് ഇല്ലാതായതോടെ സര്‍ക്കാരിന്റെ സൗജന്യ കിറ്റുകളും ലഭിച്ചില്ല. നാലാം ക്ലാസില്‍ പഠിക്കുന്ന മക്കളായ ശ്രീബാല, ബാലിക എന്നിവര്‍ക്കാവശ്യമായ സഹായങ്ങളെല്ലാം ചെയ്തു നല്‍കുന്നത് പ്രദേശവാസികളാണ്. പട്ടയം ലഭിക്കുന്നതോടെ സര്‍ക്കാര്‍ അനുകൂല്യങ്ങളെല്ലാം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

പട്ടയം ലഭിച്ചതിന് ശേഷം വീഴാറായ വീട് പൊളിച്ച് പണിയണമെന്നാണ് ഇവരുടെ ആഗ്രഹം. നിലവില്‍ കല്ല് കൂട്ടി വെച്ച അടുപ്പിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഗ്യാസ് അടുപ്പ് വാങ്ങുക എന്നത് ഒരു സ്വപ്നം മാത്രമാണ്. പുറത്ത് ഒരു ഷീറ്റ് ഇട്ട് മറച്ച ശുചിമുറിയാണുള്ളത്. പെണ്‍മക്കള്‍ വളരുന്നതോടെ സൗകര്യങ്ങള്‍ സുരക്ഷിതമാകുമോ എന്ന പേടിയും ആന്‍ഡ്രൂസ് പങ്കുവെയ്ക്കുന്നു. ബന്ധപ്പെട്ട ഓഫീസില്‍ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയും നല്‍കിയിട്ടുണ്ട്. പട്ടയം, റേഷന്‍ കാര്‍ഡ് എന്നിവ ലഭിക്കുന്നത്തോടെ പെന്‍ഷനായി വീണ്ടും അപേക്ഷ നല്‍കാനിരിക്കുകയാണ്. വര്‍ഷങ്ങളായി സ്വന്തമെന്ന് കരുതി താമസിക്കുന്ന ഭൂമിയുടെ അവകാശം പതിച്ച് കിട്ടുന്നതില്‍ പരം സന്തോഷം മറ്റൊന്നില്ലെന്ന് ആന്‍ഡ്രൂസ് പറയുന്നു.