പൊന്നാനി കാര്‍ഗോ പോര്‍ട്ടിന് പ്രഥമ പരിഗണന: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

post

മലപ്പുറം :പൊന്നാനി കാര്‍ഗോ പോര്‍ട്ടിന് പ്രഥമ പരിഗണനയെന്ന് വാണിജ്യ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പി. നന്ദകുമാര്‍ എം.എ.എയോടൊപ്പം കാര്‍ഗോ പോര്‍ട്ട് പ്രദേശം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ പോര്‍ട്ട് നിര്‍മാണത്തിന് അനുമതി നേടിയ  മലബാര്‍ പോര്‍ട്ട് കമ്പനിയുടെ നിര്‍മാണ കാലയളവ് അവസാനിച്ചു.  മലബാര്‍ പോര്‍ട്ട് കമ്പനിയുടെ സാമ്പത്തിക സ്രോതസ് ബോധ്യപ്പെട്ടാല്‍ മാത്രമേ കമ്പനിയ്ക്ക് നല്‍കണോ അതോ മറ്റു കമ്പനികള്‍ക്ക് നല്‍കണോയെന്ന് തീരുമാനിക്കുകയെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക സ്രോതസ്  ബോധ്യപ്പെട്ടാല്‍ കമ്പനിയ്ക്ക് നല്‍കാനുള്ള ഒമ്പത് ഏക്കര്‍ സ്ഥലം കൂടി വിട്ടു നല്‍കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന തുറമുഖ വകുപ്പ് മന്ത്രി, സ്ഥലം എം.എല്‍.എ, മുന്‍ സ്പീക്കര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോഗത്തിലാകും അന്തിമ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

പൊന്നാനിയിലെ പഴയ വലിയ കൂട്ടുകുടുംബ തറവാടുകള്‍ ഏറ്റെടുത്ത് പുരാവസ്തു വകുപ്പിന് നിലനിര്‍ത്തുവാന്‍ കഴിയുമോയെന്ന ശ്രമവും നടത്തുന്നുണ്ട്.  പൊന്നാനിയിലെ ചരിത്രവുമായി ബന്ധപ്പെട്ട് എല്ലാ പഴയ കാല സംഭവങ്ങളെയും പഠിക്കാന്‍ ഉതകുന്ന തരത്തില്‍ പഴയ കോടതി കെട്ടിടം ഉപയോഗപ്പെടുത്തി പോര്‍ട്ട് മ്യൂസിയം സ്ഥാപിക്കാനും ആലോചനയുണ്ട്.  പൊന്നാനി കടപ്പുറവുമായി ബന്ധപ്പെട്ട പഴയ കാല ഒരുപാട് കഥകള്‍ വിദേശ രാജ്യങ്ങളിലെ മ്യൂസിയങ്ങളിലുണ്ട്. അതിന്റെ ഒറിജിനലോ ഫോട്ടോസ്റ്റാറ്റോ ലഭിക്കാന്‍ വേണ്ട ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊന്നാനിയിലെ ചരിത്രത്തിന് ഉതകുന്ന തരത്തില്‍ പോര്‍ട്ട് മ്യൂസിയം കൊണ്ടുവരാന്‍ പി.നന്ദകുമാര്‍ എം.എല്‍.എ പ്രപ്പോസല്‍ സമര്‍പ്പിച്ചുണ്ടെന്നും മന്ത്രി പറഞ്ഞു. പൊന്നാനിയിലെ കടലിനെ അടുത്തറിയാന്‍ ഹൈഡ്രോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയതായി പി.നന്ദകുമാര്‍ എം.എല്‍.എ പറഞ്ഞു.പൊന്നാനിയുടെ വാണിജ്യ തുറമുഖ വികസന ചര്‍ച്ചയിലും കാര്‍ഗോ പോര്‍ട്ട് സന്ദര്‍ശനത്തിലും പൊന്നാനി നഗരസഭ ചെയര്‍മാര്‍ ശിവദാസ് ആറ്റുപുറം, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.