ചേന്ദമംഗലം ഹോളി ക്രോസ് ദേവാലയ നവീകരണം പുരോഗമിക്കുന്നു

post

എറണാകുളം : സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ചേന്ദമംഗലം ഹോളി ക്രോസ് ദേവാലയ നവീകരണം പുരോഗമിക്കുന്നു. കോട്ടയില്‍  കോവിലകത്തെ പുരാതനമായ ഹോളിക്രോസ്സ്  ക്രിസ്ത്യന്‍ ദേവാലയം ജെസ്യുട്ട് പാതിരികള്‍ 1577  സ്ഥാപിച്ചത്.  മുസിരീസ് പൈതൃക പദ്ധതിയുടെ ഭാഗമായി   പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍  അവസാന ഘട്ടത്തിലാണ്. 2.13 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് പുരോഗമിക്കുന്നത്. 

നാല് നൂറ്റാണ്ട് മുമ്പ് ചുണ്ണാമ്പ്, കുമ്മായം, മണ്ണ് എന്നീ മിശ്രിതം ഉപയോഗിച്ചാണ് പള്ളി  നിര്‍മ്മിച്ചിരിക്കുന്നത്.  തനതായ ശൈലിയില്‍ പള്ളിയുടെ മുഖപ്പ്, മേല്‍ക്കൂര, പടിപ്പുര തുടങ്ങിയവ നവീകരിച്ചുകൊണ്ട് പള്ളിയെ പഴയ കാല പ്രൌഡിയില്‍ നിലനിര്‍ത്താനാണ് മുസിരിസ് പൈതൃക പദ്ധതി ലക്ഷ്യമിടുന്നത് . പള്ളിയുടെ സമീപത്തു നിന്ന് കണ്ടെടുത്ത പതിനാറാം നൂറ്റാണ്ടിലെതെന്ന് കരുതുന്ന വട്ടെഴുത്തു ലിപിയിലുള്ള ശിലാലിഖിതവും പള്ളിയുടെ സമീപത്തായി നിലകൊള്ളുന്ന കേരളത്തിലെ ആദ്യത്തെ പ്രിന്റിംഗ് പ്രസ് ആയ വൈപ്പിക്കോട്ട സെമിനാരിയുമാണ് ചേന്ദമംഗലം ഹോളി ക്രോസ് പള്ളിയുടെ  ചരിത്ര പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.  പൈതൃക സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് മുസിരിസ് പൈതൃക പദ്ധതി നടത്തുന്നത്.  എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ തുടങ്ങി തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍- മതിലകം, വരെ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ മുപ്പതോളം  പൈതൃക സ്മാരകങ്ങളും സ്ഥലങ്ങളുമാണ് പദ്ധതിയില്‍  സംരക്ഷിക്കുന്നത്.