കോവിഡ് പ്രതിരോധം : തദ്ദേശ സ്ഥാപനങ്ങളില്‍ വാക്സിനേഷന്‍ ശക്തിപ്പെടുത്തി

post

കൊല്ലം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാക്സിനേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്തി. അതിവേഗത്തില്‍ പരമാവധി പേരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഉമ്മന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ 25,000 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ ലഭ്യമാക്കി. 90 ശതമാനം വാക്‌സിനേഷനാണ് ഇവിടെ പൂര്‍ത്തിയായത്. അയല്‍ക്കൂട്ട നിരീക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു ഇതര പ്രതിരോധ പ്രവര്‍ത്തനവും ശക്തമാക്കിയിട്ടുണ്ട്. ആര്‍.ആര്‍.ടികള്‍ പുനസംഘടിപ്പിച്ച് പ്രവര്‍ത്തനം വിപുലമാക്കിയതായി ഉമ്മന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവന്‍ പറഞ്ഞു.

പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇത് വരെ 21702 പേര്‍ ഒന്നാം ഘട്ട വാക്സിന്‍ സ്വീകരിച്ചു. 6725 പേര്‍ക്ക് രണ്ടു ഡോസും ഉള്‍പ്പെടെ നല്‍കി. പാലിയേറ്റീവ് രോഗികള്‍ക്കുള്ള ആദ്യ ഡോസ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കിക്കൊണ്ട് രണ്ടാം ഘട്ടം തുടങ്ങിയതായി പ്രസിഡന്റ് ആര്‍. ജയന്‍ പറഞ്ഞു.

തേവലക്കര ഗ്രാമപഞ്ചായത്തില്‍ 13,008 പേര്‍ ആദ്യ ഡോസും 5514 പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. ഗൃഹപരിചരണ കേന്ദ്രങ്ങളില്‍ അടക്കം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് എസ്. സിന്ധു പറഞ്ഞു.

കുണ്ടറ ഗ്രാമപഞ്ചായത്തിലെ ഡി.സി.സിയില്‍ 13 രോഗികളാണ് ഉള്ളത്. 81 പേര്‍ ഗൃഹനിരീക്ഷണത്തില്‍ ഉണ്ട്. വാക്സിനേഷന്‍ മെഗാ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ് പറഞ്ഞു.

കൊറ്റങ്കര ഗ്രാമപഞ്ചായത്തില്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പ് വഴി 1149 പേര്‍ക്ക് വാക്സിന്‍ ലഭ്യമാക്കിയതായി പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാര്‍ പറഞ്ഞു.