നിപ: ജില്ലകളില്‍ ലിസ്റ്റ് തയ്യാറാക്കും

post

തിരുവനന്തപുരം : മറ്റ് ജില്ലകളിലുള്ളവര്‍ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളതിനാല്‍ ജില്ലകളില്‍ നിപ സമ്പര്‍ക്കങ്ങളുടെ ലൈന്‍ ലിസ്റ്റ് തയ്യാറാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പനിയോടൊപ്പം ഏതെങ്കിലും തരത്തിലുള്ള നിപ ലക്ഷണങ്ങളുള്ളവരുടെ സാമ്പിള്‍ ശേഖരിക്കും.  റിസ്‌ക് കുറഞ്ഞ രോഗലക്ഷണങ്ങളുള്ളവരെ കര്‍ശനമായ റൂം ഐസൊലേഷനിലാക്കും. 21 ദിവസം ഇവരെ നിരീക്ഷിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. സൈക്കോ സോഷ്യല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക്  കൗണ്‍സലിംഗ് നല്‍കും.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് സര്‍വയലന്‍സും ഫീവര്‍ സര്‍വയലന്‍സും നടക്കുന്നു. വവ്വാലുകളുടേയും വവ്വാല്‍ കടിച്ച പഴങ്ങളുടേയും ശേഖരിച്ച സാമ്പിളുകള്‍ ഭോപാല്‍ പരിശോധന കേന്ദ്രത്തിലേക്ക് അയയ്ക്കും. ചത്ത വവ്വാലുകളെ കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നു.

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തില്‍ കുട്ടിയുടെ വീടിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള കണ്ടൈന്‍മെന്റ് സോണിന്റെ പരിധിയില്‍ വരുന്ന എല്ലാ വാര്‍ഡുകളിലും ഹൗസ് ടു ഹൗസ് സര്‍വേ നടത്തി. 15,000 ത്തോളം വീടുകളിലായി 68,000ത്തോളം ആളുകളിലാണ് സര്‍വേ നടത്തിയത്. അസ്വാഭാവികമായ പനി, അസ്വാഭാവികമായ മരണങ്ങള്‍ എന്നിവ ഈ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ കൂടിയാണ് ഹൗസ് ടു ഹൗസ് സര്‍വേ നടത്തിയത്. സര്‍വേയില്‍ അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടെത്തിയ നേരിയ ലക്ഷണങ്ങള്‍ ഉള്ളതും റൂം ക്വാറന്റീനില്‍ കഴിയുന്നതുമായ ആളുകള്‍ക്ക് സൗകര്യപ്രദമാകും വിധം കോവിഡ്/നിപ ടെസ്റ്റുകള്‍ നടത്തുന്നതിനു  നാലു മൊബൈല്‍ ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.  

നിപ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള ഇ ഹെല്‍ത്ത് കമ്മ്യൂണിക്കബിള്‍ ഡിസീസസ് മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ സജ്ജമാക്കി. ആശുപത്രിയില്‍ രോഗിയെ പരിശോധിക്കുന്നവര്‍ക്കും കോണ്ടാക്ട് ട്രെയ്സിംഗ് നടത്തുന്നവര്‍ക്കും ഫീല്‍ഡുതല സര്‍വേയ്ക്ക് പോകുന്നവര്‍ക്കും വിവരങ്ങള്‍ അപ്പപ്പോള്‍ സോഫ്റ്റ്വെയറില്‍ ചേര്‍ക്കാം. മൊബൈല്‍ വഴിയും ഡേറ്റ എന്‍ട്രി നടത്താം. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്നോളജിയാണ് ഇത് രൂപകല്‍പ്പന ചെയ്തത്. ഭാവിയില്‍ എല്ലാ സാംക്രമിക രോഗങ്ങളുടെ വിവരങ്ങളും ഇതുവഴി ശേഖരിക്കാനും സൂക്ഷിക്കാനുമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.