ഡബ്ലിയു ഐ പി ആര്‍ നിരക്ക് എട്ടിന് മുകളിലുള്ള നഗര, ഗ്രാമ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം: മുഖ്യമന്ത്രി

post

തിരുവനന്തപുരം: ഡബ്ലിയു ഐ പി ആര്‍ നിരക്ക് എട്ടിന് മുകളിലുള്ള നഗര, ഗ്രാമ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ ഏഴ് ശതമാനത്തിനു മുകളില്‍ ഡബ്ലിയു ഐ പി ആര്‍ ഉള്ള പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് എട്ട് ശതമാനത്തിനു മുകളില്‍ ആക്കിയത്.

വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ പ്രവേശനത്തിന് രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ഇവരുടെ വാക്സിനേഷന്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. 80 ശതമാനം ആദ്യ ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ജില്ലകളില്‍ ആശുപത്രികളിലെ അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്ക് മാത്രമായി ആന്റിജന്‍ ടെസ്റ്റ് ചുരുക്കാനും, ആര്‍ടിപിസിആര്‍  ടെസ്റ്റ് വര്‍ദ്ധിപ്പിക്കാനും നേരത്തെ  തീരുമാനമെടുത്തിരുന്നു. സംസ്ഥാന വ്യാപകമായി ആദ്യ ഡോസ് വാക്സിനേഷന്‍ 80 ശതമാനം പൂര്‍ത്തിയാകുന്ന സ്ഥിതിക്ക് ഈ തീരുമാനം  സംസ്ഥാനം മുഴുവന്‍ നടപ്പിലാക്കും. ചികിത്സാ കാര്യത്തിന് ആവശ്യം വരുന്ന ഘട്ടങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും. കോവിഡ് പോസിറ്റീവായി ക്വാറന്റീനില്‍ കഴിയുന്നവര്‍ വീടുകളില്‍തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളും ഈ രംഗത്ത് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പോലീസ്  മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ സംഘത്തിന്റെ സഹായത്തോടെയാണ് ഇതിനുവേണ്ട പരിശോധനകള്‍ നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,419 വീടുകളില്‍ ഇത്തരം പരിശോധനകള്‍ നടത്തി. രോഗികളുള്ള വീടുകളില്‍നിന്നുള്ളവര്‍ ക്വാറന്റീന്‍ ലംഘിക്കുന്നത് കര്‍ശനമായി തടയും.

അതിഥി തൊഴിലാളികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ ആവശ്യമായ നടപടികള്‍ ജില്ലാ കലക്ടര്‍മാര്‍ സ്വീകരിക്കും. സ്വകാര്യ ആശുപത്രികളില്‍ നിന്നു പണം ഈടാക്കിക്കൊണ്ട് 20 ലക്ഷം ഡോസ് വാക്സിന്‍് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വാങ്ങി വിതരണം ചെയ്യാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു. 10 ലക്ഷം ഡോസ് വാക്സിന്‍ ഇതിനകം  സംഭരിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.