ആലപ്പുഴയിലെ മുഴുവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും

post

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുയെന്നതാണ് ലക്ഷ്യമെന്ന് പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുകയായിരുന്നു എം.എല്‍.എ. ആലപ്പുഴ മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനും വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സംസ്ഥാന സര്‍ക്കാര്‍ വളരെ പ്രാധാന്യമാണ് നല്‍കുന്നത്. മുഴുവന്‍ പൊതുവിദ്യാലയങ്ങളെയും ഹൈടെക്ക് ആക്കുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുമായി വിവിധ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

ഒരു കോടി രൂപ ചെലവില്‍ പൊന്നാട് ജി.എല്‍.പി സ്‌കൂളില്‍ നിര്‍മിച്ച കെട്ടിട സമുച്ചയം സെപ്റ്റംബര്‍ 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കലവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മിച്ച ഹൈടെക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്തിടെയാണ് നിര്‍വഹിച്ചത്. എസ്.എല്‍ പുരം ജി.എസ്.എം. ജി.എച്ച്.എസ്.എസ്, ജി.എച്ച്.എസ് പൊള്ളേത്തൈ, ജി.എച്ച്.എസ് മണ്ണഞ്ചേരി എന്നിവിടങ്ങളില്‍ മൂന്ന് കോടി രൂപയുടെ വീതം നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഉദ്ഘാടനം ചെയ്തതെന്നും പി പി ചിത്തരഞ്ജന്‍ എംഎല്‍എ പറഞ്ഞു.

രണ്ട് കോടി രൂപ ചെലവില്‍ കലവൂര്‍ ജി.എച്ച്.എസ്.എസിലും 64 ലക്ഷം രൂപ ചെലവില്‍ മണ്ണഞ്ചേരി ജി.എച്ച്.എസിലും കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിന് പുറമെ യു.പി.എസ്. ആര്യാട് നോര്‍ത്ത്, ശ്രീ മൂല വിലാസം ജി.യു.പി.എസ്. പൂന്തോപ്പ്, ജി.യു.പി.എസ്. പൂന്തോപ്പില്‍ഭാഗം, ജി.യു.പി.എസ്. കാവുങ്കല്‍ എന്നിവിടങ്ങളിലും സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം നടക്കുന്നുണ്ട്. മണ്ഡലത്തിലെ മറ്റ് ആറ് വിദ്യാലയങ്ങളിലെ നിര്‍മാണവും ഉടന്‍ ആരംഭിക്കുമെന്നും പി പി ചിത്തരഞ്ജന്‍ എംഎല്‍എ പറഞ്ഞു. 

നിലവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഇതിന്റെ പുരോഗതി വിലയിരുത്താന്‍ കൃത്യമായ ഇടവേളകളില്‍ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ചു അവലോകന യോഗം ചേരണമെന്നും എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

യോഗത്തില്‍ പൊതുവിഭ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓഡിനേറ്റര്‍ എ. കെ. പ്രസന്നന്‍, ജില്ലാ വിഭ്യാഭ്യാസ ഓഫീസര്‍ റാണി തോമസ്, പി.ഡബ്ല്യൂ.ഡി. എന്‍ഞ്ചിനീയര്‍, തൃശൂര്‍ ലേബര്‍ സൊസൈറ്റി പ്രതിനിധി,  മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍, പി.ടി.എ പ്രസിഡന്റുമാര്‍, കിഫ്ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.