സര്‍ക്കാര്‍ വെളി പ്രദേശവാസികളുടെ പട്ടയത്തിനായുള്ള കാത്തിരിപ്പിന് വിരാമം

post

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിലെ സര്‍ക്കാര്‍ വെളി നിവാസികളുടെ പട്ടയത്തിനായുള്ള അര നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഇവിടുത്തെ 19 കുടുംബങ്ങള്‍ക്ക് ഈ മാസം പതിനാലിന് പട്ടയം നല്‍കും.

സര്‍ക്കാര്‍ വെളി പ്രദേശത്തിന് നൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഒരു നൂറ്റാണ്ടിന് മുന്‍പ് ശുചീകരണ തൊഴിലിനായി തമിഴ്നാട്ടില്‍ നിന്നും കുടിയേറിയ ഒരു കൂട്ടം ആളുകള്‍ക്ക് താമസിക്കാനായി അന്നത്തെ രാജാവ് വിട്ടു നല്‍കിയ ഭൂമിയാണിത്.

ആ കാലഘട്ടത്തില്‍ നിര്‍മ്മിച്ച വീടുകളില്‍ തന്നെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം അവരുടെ തലമുറകളും താമസിക്കുന്നത്. ആലപ്പുഴ നഗരസഭ പധിയിലാണ് ഈ സ്ഥലം ഇപ്പോഴുള്ളത്. തലമുറകള്‍ കൈമാറി ഇന്നും നഗരസഭയുടെ ശുചീകരണ തൊഴിലാളികളാണിവര്‍. സ്വന്തം പേരില്‍ ഭൂമി ലഭിക്കാനായി കയറിയിറങ്ങാത്ത ഓഫീസുകളില്ലെന്ന് പ്രദേശവാസിയായ ഗീവര്‍ഗീസ് പറയുന്നു. ഇവിടെ താമസിക്കുന്നവര്‍ക്ക് സ്വന്തം വീടിരിക്കുന്ന ഭൂമിയുടെ അളവ് പോലും നിശ്ചയമില്ല. വേലികളാല്‍ കെട്ടി മറച്ച അതിരുകള്‍, ഒരു കുഞ്ഞു മുറി, അടുക്കള, പുറത്ത് ചെറിയൊരു ശുചിമുറി എന്നതാണ് ഓരോ വീടിന്റെയും സൗകര്യം.

ഈ കുടുംബങ്ങളെ കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ ചേരി നിര്‍മാണ പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ സ്വന്തമായി ഭൂമിയില്ലാത്ത പത്ത് കുടുംബങ്ങള്‍ക്കും 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ സ്ഥലത്ത് നഗരസഭ വീട് വെച്ച് നല്‍കിയിട്ടുണ്ട്. ഇവരുള്‍പ്പെടെ ഈ പ്രദേശത്ത് 37 കുടുംബങ്ങളാണുള്ളത്. ഇതില്‍ 19 പേര്‍ക്കാണ് ഇപ്പോള്‍ പട്ടയം ലഭിക്കുക. ഒരാള്‍ക്ക് നേരത്തേ പട്ടയം ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള കുടുംബങ്ങളുടെ പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്വന്തമായി ഭൂമി ഇല്ലാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലാത്ത ഇവര്‍ക്ക് പട്ടയം ലഭിക്കുന്നതോടെ ഇവ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണിവര്‍.