കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍: കാസര്‍കോട് നഗരസഭയ്ക്ക് അഭിനന്ദന പ്രവാഹം

post

കാസര്‍കോട്: കാസര്‍കോട് നഗരസഭാ പരിധിയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തെ സമചിത്തതയോടെ നേരിട്ട് കാസര്‍കോട് നഗരസഭ. ആവശ്യമായ ബോധവ്ത്കരണം നടത്തിയും രോഗികള്‍ക്കാവശ്യമായ സൗജന്യ ആംബുലന്‍സും മരുന്നുകള്‍ ലഭ്യമാക്കിയും സി.എഫ്.എല്‍.ടി.സി, ഡൊമിസിലിയറി കെയര്‍ സെന്റര്‍ തുടങ്ങിയവ ഒരുക്കിയും ശ്രദ്ധേയോടെ വാക്സിനേഷന്‍ ക്യാമ്പുകള്‍ ഒരുക്കിയും മാതൃകാപരമായ പ്രവര്‍ത്തനമാണ് നഗരസഭ നടത്തിയത്.  കോവിഡിനെ പിടിച്ചു കെട്ടാന്‍ ജനപ്രതിനിധികളും ആരോഗ്യ വിഭാഗം ജീവനക്കാരും സെക്ടറല്‍ മജിസ്ട്രേറ്റുമാരും മാഷ് പദ്ധതി അംഗങ്ങളും ആശാ വര്‍ക്കര്‍മാരും ജാഗ്രതാ സമിതി അംഗങ്ങളും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി.

കോവിഡ് രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ അര്‍ബന്‍ പി.എച്ച്.സിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആശാ വര്‍ക്കര്‍മാരും ജനപ്രതിനിധികളും വീടുകളില്‍ നേരിട്ടെത്തിച്ചു കൊടുക്കുകയായിരുന്നു. കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തടയാന്‍ നഗരസഭയ്ക്കൊപ്പം നിന്ന മുഴുവന്‍ ആളുകളെയും കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറും ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാടും അഭിനന്ദിച്ചു.