രാത്രികാല നിയന്ത്രണവും ഞായര്‍ ലോക്ക്ഡൗണും പിന്‍വലിച്ചു

post

*ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ നാലു മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങളും ഞായറാഴ്ചകളിലെ ലോക്ക്ഡൗണും പിന്‍വലിക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒക്ടോബര്‍ നാലു മുതല്‍ ടെക്നിക്കല്‍, പോളിടെക്നിക്, മെഡിക്കല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ബിരുദ, ബിരുദാനന്തര അവസാനവര്‍ഷ വിദ്യാര്‍ഥികളെയും, അധ്യാപകരെയും മറ്റു ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് എല്ലാ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. എല്ലാവരും ഒരു ഡോസ് വാക്സിന്‍ എടുത്തിരിക്കണം. ബിരുദ, ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് വാക്സിന്‍ ആദ്യ ഡോസ് ഈയാഴ്ച തന്നെ  പൂര്‍ത്തീകരിക്കണം. രണ്ടാം ഡോസിന് അര്‍ഹതയുള്ളവര്‍ ഉടന്‍ തന്നെ അത് സ്വീകരിക്കണം.

റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള പരിശീലനസ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ ഒരു ഡോസ് വാക്സിനേഷന്‍ എങ്കിലും പൂര്‍ത്തിയാക്കിയ അധ്യാപകരെയും  വിദ്യാര്‍ഥികളേയും ജീവനക്കാരേയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് അധ്യയനം വളരെ പ്രധാനമാണ്. അതിനാല്‍ സ്‌കൂള്‍  അധ്യാപകരും ഈയാഴ്ച തന്നെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ അതിനാവശ്യമായ ക്രമീകരണം ചെയ്യണം. വാക്സിനേഷനില്‍ സ്‌കൂളധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കും.  പത്തു ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

കോവിഷീല്‍ഡ് രണ്ടാം ഡോസ് നാലാഴ്ചകള്‍ക്കു ശേഷം വാങ്ങാവുന്നതാണെന്ന ഹൈക്കോടതി വിധിയില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പൂര്‍ണ യോജിപ്പാണ്.  അക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടും.

കണ്ടെയ്ന്‍മെന്റ് സോണുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ ബുധനാഴ്ചയും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ ദിവസവും പുതുക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ജില്ലാ അടിയന്തര കാര്യനിര്‍വഹണ കേന്ദ്രങ്ങള്‍ക്ക് നല്‍കും. ഇക്കാര്യം നിര്‍വഹിക്കുന്നതിനായി ഓരോ കേന്ദ്രത്തിനും ഐടി മിഷനില്‍ നിന്നും ഐടി വിദഗ്ധനെ താല്‍ക്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.