സമ്പൂര്‍ണ സെക്കണ്ടറി സാക്ഷരത ലക്ഷ്യമിട്ട് കണ്ണൂര്‍

post

കണ്ണൂര്‍: തുല്യതാ പരീക്ഷയും തുടര്‍ പഠനവും വഴി പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണത കൈവരിച്ച രാജ്യത്തെ ആദ്യ ജില്ലയായ കണ്ണൂര്‍  സെക്കണ്ടറി തലത്തിലും സമ്പൂര്‍ണ സാക്ഷരത നേടാന്‍ ഒരുങ്ങുന്നു.18 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ പേരെയും പത്താം തരം തുല്യതാ പരീക്ഷയെഴുതിച്ച് വിജയിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ജില്ലാ പഞ്ചായത്തും ജില്ലാ സാക്ഷരതാ മിഷനും. ജില്ലാ സാക്ഷരതാ സമിതി യോഗത്തിലാണ് തീരുമാനം. ഇതിനായി തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗം അടുത്ത മാസം ചേരും. പദ്ധതിയുടെ ഭാഗമായി പത്താംതരം തുല്യത എഴുതാനുള്ള ജില്ലയിലെ മുഴുവന്‍ ആളുകളുടെയും കണക്കുകള്‍ പ്രേരക്മാര്‍ വഴി ശേഖരിക്കും.

ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സപ്തംബര്‍ എട്ടിന് ജില്ലാ പഞ്ചായത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സാക്ഷരത പ്രവര്‍ത്തകരായ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍, വി ആര്‍ വി ഏഴോം എന്നിവരെയും മൂന്ന് പഠിതാക്കളേയും ആദരിക്കും. പഴയങ്ങാടി സ്വദേശികളായ അന്‍സില ഇക്ബാല്‍, കെ വി കുഞ്ഞാമിന, ഇരിട്ടി പായം സ്വദേശിനി കെ ജാനകി എന്നിവരെയാണ് ആദരിക്കുക. ജില്ലയിലെ തുടര്‍പഠന കേന്ദ്രങ്ങള്‍ പൂട്ടാന്‍ പ്രേരക്മാരുടെ കുറവ് കാരണമാകുന്നുവെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രേരക്മാരുടെ നിയമനം സംബന്ധിച്ച് ജില്ലാപഞ്ചായത്ത് സംസ്ഥാന സാക്ഷരതാ മിഷന് കത്ത് നല്‍കും.