കോവിഡ് പ്രതിരോധം: ഇ സഞ്ജീവനി ശക്തിപ്പെടുത്തി

post

എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഒപികള്‍; പുതിയ രണ്ട് ഒ.പി.കള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പെടുത്തി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിശു ഹൃദ്രോഗ വിഭാഗം ഒപിയും, ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററിന്റെ (സി.ഡി.സി) സ്പെഷ്യാലിറ്റി ഒ.പി.യുമാണ് പുതുതായി ആരംഭിക്കുന്നത്. എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെയുള്ള ശ്രീ ചിത്രയുടെ ഒപിയിലൂടെ 20 ഓളം സേവനങ്ങള്‍ ലഭ്യമാകും. നിരന്തരമായ ജനങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് സി.ഡി.സി.യുടെ ഒ.പി. തുടങ്ങുന്നത്. ഇതുവഴി കോവിഡ് വ്യാപന സമയത്ത് സി.ഡി.സി.യിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കി കുട്ടികള്‍ക്ക് വീട്ടില്‍ ഇരുന്ന് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ ഇ സഞ്ജീവനിയിലൂടെ കഴിയും. 4365 ഡോക്ടര്‍മാരാണ് സേവനം നല്‍കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 47ല്‍ പരം വിവിധ ഒ.പി. സേവനങ്ങളാണ് നല്‍കുന്നത്. സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കാന്‍ ഒരു ദിവസം രണ്ട് ജില്ലകളിലെ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരും കൂടാതെ ഡി.എം.ഇ യുടെ കീഴിലുള്ള എല്ലാ മെഡിക്കല്‍ കോളേജുകളില്‍ നിന്നുമുള്ള ഡോക്ടര്‍മാരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്, ആശവര്‍ക്കര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍. എന്നിവര്‍ക്കും ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാം.കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നേരിട്ട് പോയി തുടര്‍ചികിത്സ നടത്തുന്നവരും ടെലി മെഡിസിന്‍ സേവനം ഉപയോഗിക്കാം. കോവിഡ് ഒ.പി എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെയാണ് ജനറല്‍ ഒപി പ്രവര്‍ത്തിക്കുന്നത്. ഏത് വിധത്തിലുള്ള അസുഖങ്ങള്‍ക്കും ചികിത്സ സംബന്ധമായ സംശയങ്ങള്‍ക്കും സേവനം തേടാം. ഇതുവരെ 2.45 ലക്ഷം പേരാണ് ഇ സഞ്ജീവനി സേവനം ഉപയോഗിച്ചത്.

കോവിഡ് കാലത്ത് ഓണ്‍ലൈനിലൂടെ വലിയ സേവനം നല്‍കുന്ന ഇ സഞ്ജീവനിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ മോശമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓണ്‍ലൈനായി സേവനം ഉപയോഗപ്പെടുത്താന്‍ https://esanjeevaniopd.in  എന്ന വെബ് സൈറ്റ് വഴിയോ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US എന്ന ആപ്ലിക്കേഷന്‍ വഴിയോ ബന്ധപ്പെടാം. esanjeevaniopd.in എന്ന വെബ് സൈറ്റില്‍ പ്രവേശിച്ച് ആ വ്യക്തി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.

വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാം. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും തുടര്‍ന്നും സേവനം തേടാനും സാധിക്കും. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056.