സേവനങ്ങൾ കൂടുതൽ വിപുലമാക്കി മാളയിലെ ആൽഫ പാലിയേറ്റിവ് കെയർ

post

ആതുര സേവന രംഗത്ത് പുതിയ നേട്ടവുമായി മാള, ആൽഫ പാലിയേറ്റിവ് കെയറിന്റെ പുതിയ കേന്ദ്രം തുറന്നു 

മുൻ രാജ്യസഭാ എംപി വയലാർ രവിയുടെ വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ച പുതിയ ലിങ്ക് സെന്റർ പ്രവർത്തനം ആരംഭിച്ചു. സെന്ററിന്റെ പ്രവർത്തനോദ്ഘാടനം റവന്യൂവകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു.

മാളയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറാൻ ആൽഫ പാലിയേറ്റിവ് കെയർ സെന്ററിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ചികിത്സാ സഹായം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് കൈത്താങ്ങാങ്ങായി മാറുന്ന ആൽഫ പാലിയേറ്റിവ് കെയർ സംഘടകരെ മന്ത്രി ചടങ്ങിൽ അഭിനന്ദിച്ചു.

പുനർജ്ജനി പദ്ധതിയുടെ ഭാഗമായുള്ള ഫിസിയോതെറാപ്പി വിഭാഗത്തിന്റെ കെട്ടിട സമർപ്പണവും ലിങ്ക് സെന്റർ കെട്ടിട സമർപ്പണവും ബെന്നി ബെഹനാൻ എം പി നിർവഹിച്ചു.

ഫിസിയോതെറാപ്പിക്കായി സെന്ററിൽ വരാൻ സാധിക്കാത്ത ചലനശേഷി പരിമിതപ്പെട്ടവരെ പ്രത്യേക വാഹനത്തിൽ വീട്ടിൽ നിന്നും കൊണ്ട് വന്ന് ഫിസിയോതെറാപ്പിക്ക് ശേഷം തിരികെ വീട്ടിലെത്തിക്കുന്ന ഓജസ് പദ്ധതി പ്രഖ്യാപനവും വാഹന സമർപ്പണവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു.

2014 നവംബർ ഒൻപതിന് വടമയിൽ വാടക കെട്ടിടത്തിലാണ്  ആൽഫ കെയർ സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്.

കോട്ടമുറിയിൽ ഡോ രാജു വർഗീസ് ചെല്ലക്കുടം, ജോണി ചെല്ലക്കുടം സഹോദരങ്ങൾ സംഭാവന ചെയ്ത  സ്ഥലത്താണ് പുതിയ കെട്ടിടം പണി പൂർത്തിയാക്കിയിട്ടുള്ളത്. ഫാദർ ജോയ് തട്ടകത്ത് സംഭാവന ചെയ്ത സ്ഥലത്ത് ഡോ രാജു വർഗീസ്, ഓമന വർഗീസ് ദമ്പതികൾ നിർമിച്ചു നൽകിയ കെട്ടിടത്തിലാണ് ഫിസിയോതെറാപ്പി കെട്ടിടം.