ചെല്ലാനത്തെ കടലേറ്റ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു

post

ചെല്ലാനം തീര സംരക്ഷണത്തിനുള്ള  344 കോടി രൂപയുടെ പദ്ധതി  മന്ത്രി റോഷി അഗസ്റ്റിന്‍ പ്രഖ്യാപിച്ചു
എറണാകുളം : ചെല്ലാനം തീര സംരക്ഷണത്തിനുള്ള  344 കോടി രൂപയുടെ പദ്ധതി ജലവിഭവ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രഖ്യാപിച്ചു. അടുത്ത കാലവര്‍ഷത്തില്‍ ചെല്ലാനം നിവാസികളെ മാറ്റി പാര്‍പ്പിക്കേണ്ട അവസ്ഥയ്ക്ക് വിരാമമിടുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും കാലതാമസം കൂടാതെ ചെല്ലാനത്ത് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടപ്പിലാക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.ചെല്ലാനം തീരദേശം സംസ്ഥാനത്തിന്റെ തന്നെ ദുഃഖഭാവം കൂടെയാണ്. ചെല്ലാനം പഞ്ചായത്തിലെ ജനങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പു നല്‍കുന്നതിനും കടല്‍ കയറ്റത്തിനും തീരശോഷണത്തിനു പരിഹാരം കാണുന്നതിനാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ പ്രദേശമായ ചെല്ലാനത്ത് ശ്രദ്ധേയമായ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.  പദ്ധതിക്ക്  കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കാന്‍ വേണ്ട   സെപ്റ്റംബര്‍ 15 ന് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ച് നവംബറില്‍ നടപടി ക്രമം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.  ശേഷിച്ച ഭാഗം പഠന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇറിഗേഷന്‍ വകുപ്പിന് ഡിപിആര്‍ തയാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന് വേണ്ട തുകയും അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. അതിരൂക്ഷമായ കടലാക്രമണം നേരിടുന്ന പത്ത് ഹോട്ട്‌സ്‌പോട്ടുകളില്‍ ആദ്യ ഘട്ട നിര്‍മ്മാണം ആരംഭിക്കും.  അഞ്ച് വര്‍ഷത്തിനുള്ളില്‍ 5300 കോടി പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തി തീരദേശ സംരക്ഷണം നടപ്പിലാക്കും. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം കേന്ദ്രം ചെല്ലാനത്ത് നടപ്പിലാക്കും. ഇറിഗേഷന്‍ വകുപ്പ് ഡാം കേന്ദ്രീകരിച്ച് ടൂറിസം കേന്ദ്രങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട് എന്നും  മന്ത്രി പറഞ്ഞു.

ജില്ലയുടെ കണ്ണീരായിരുന്നു ചെല്ലാനം എന്നും പ്രദേശവാസികള്‍ നേരിടുന്ന ദുരിതത്തിന് ശാശ്വത പരിഹാരം നാടിന്റെ പൊതു  ആവശ്യം ആയിരുന്നു എന്നും
ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വ്യവസായ- നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.  ചെല്ലാനം തീര സംരക്ഷണത്തിനുള്ള  പദ്ധതി നടപ്പിലാക്കുന്നതിന് അതിവേഗത്തിലുള്ള പ്രവര്‍ത്തനമാണ് നടന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കൃത്രിമ ബീച്ച് നിര്‍മ്മാണ പ്രവര്‍ത്തിയും നടത്തിയാല്‍ ചെല്ലാനത്തെ ടൂറിസം കേന്ദ്രമായി മാറ്റാന്‍ സാധിക്കുമെന്നും  മന്ത്രി പി. രാജീവ് പറഞ്ഞു. 

ചെല്ലാനം തീര സംരക്ഷണ പദ്ധതിയുടെ പ്രഖ്യാപനം  പ്രദേശത്തെ കടലേറ്റപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും സര്‍ക്കാരും. സംസ്ഥാനമൊട്ടാകെ 5300 കോടിയുടെ തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ചെല്ലാനം തീരത്തു ജലസേചന വകുപ്പ്  കിഫ്ബി സഹായത്തോടെ 344.2 കോടി രൂപ മുതല്‍ മുടക്കില്‍ ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്.   കടലേറ്റ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനൊപ്പം സംസ്ഥാനത്തെ ആദ്യ മത്സ്യ ഗ്രാമം  പദ്ധതിയും ചെല്ലാനത്ത്   നടപ്പിലാക്കും .   

ചെന്നെ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്   തീരസംരക്ഷണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനമോട്ടാകെ തീരമേഖലകളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 10 ഹോട്ട്‌സ്‌പോട്ടുകള്‍ ആണ് തീവ്രമായ തീര ശോഷണം നേരിടുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ചെല്ലാനം തീരത്തിന് പ്രഥമ പരിഗണന നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ടെട്രാപോഡുകള്‍ ഉപയോഗിച്ച് തീരം സംരക്ഷിക്കുന്നതിനൊപ്പം ജിയോട്യൂബുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും ചെല്ലാനത്ത് നടപ്പാക്കുന്നുണ്ട്. 

ചെല്ലാനം പഞ്ചായത്തിലെ ഹാര്‍ബറിന് തെക്കുവശം മുതല്‍ 10 കി.മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് കടല്‍ ഭിത്തിയുടെ പുനരുദ്ധാരണ പ്രവര്‍ത്തികളും ബസാര്‍- കണ്ണമാലി ഭാഗത്ത് 1കി.മീറ്റര്‍ ദൈര്‍ഘ്യത്തില്‍ പുലിമുട്ട ശ്വംഖലയുടെയും നിര്‍മാണ പ്രവര്‍ത്തികളുമാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. കടലാക്രമണം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന കമ്പനിപ്പടി, വച്ചാക്കല്‍, ചാളക്കടവ് എന്നിവിടങ്ങളില്‍ കടല്‍ ഭിത്തിയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പ്രാവര്‍ത്തികമാകുമ്പോള്‍ ഈ  പ്രദേശങ്ങളിലെ കടല്‍കയറ്റത്തിന് ശമനം ലഭിക്കും .  കൂടാതെ ബസാറില്‍ ആറും  കണ്ണമാലിയില്‍  ഒന്‍പതും  പുലിമുട്ട് ശ്യംഘയുടെയും  നിര്‍മാണ പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നതിലൂടെ തീരശോഷണത്തിനു പരിഹാരമാവുകയും  തീരം തിരിച്ചു പിടിക്കാന്‍ സാധിക്കുകയും ചെയ്യും. ഈ പദ്ധതിയിലൂടെ കൊച്ചി കോര്‍പറേഷനിലെയും ചെല്ലാനം പഞ്ചായത്തിലെ തീര പ്രദേശത്തെയും സമീപ പ്രദേശങ്ങളെയും കടലാക്രമണം
മൂലമുണ്ടാകുന്ന കടല്‍കയറ്റത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയും. 

10കി.മീറ്റര്‍ ദൈര്‍ഘ്യത്തില്‍  നിര്‍മ്മിക്കുന്ന കടല്‍ഭിത്തിയുടെ പുനരുദ്ധാരണ പ്രവര്‍ത്തിയില്‍ കടല്‍ഭിത്തിയുടെ ഉയരം - 5.5 മീറ്ററും വീതി 24 മീറ്ററുമാണ്. ജിയോ ഫാബ്രിക് ഫില്‍റ്റര്‍, മണല്‍ നിറച്ച ജിയോ ബാഗ് , 10-50, 150-200 കി. ഗ്രാം കല്ലുകള്‍, അതിനു മുകളില്‍ 2 ടണ്‍ ഭാരമുള്ള ടെട്രാപോഡ് എന്നിങ്ങനെയാണ് പ്രവര്‍ത്തിയുടെ നിര്‍മ്മാണ ഘടന. പുലിമുട്ട് ശൃംഖലയുടെ നിര്‍മാണ പ്രവര്‍ത്തിയില്‍ ബസാര്‍ ഭാഗത്ത്  700 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ശരാശരി 140 മീറ്റര്‍ ഇടവിട്ട്  ടി ആകൃതിയിലുള്ള 55 മീറ്റര്‍ നീളത്തില്‍ 4 പുലിമുട്ടും അറ്റത്ത് 35 മീറ്റര്‍ നീളത്തില്‍ 2 പുലിമുട്ടും ,കണ്ണമാലി ഭാഗത്ത്  1.2 കി മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ശരാശരി 140 മീറ്റര്‍ ഇടവിട്ട് ടി ആകൃതിയിലുള്ള യഥാക്രമം 45,  55,  75 മീറ്റര്‍  നീളത്തില്‍ 7 പുലിമുട്ടും അറ്റത്ത് 35 മീറ്റര്‍ നീളത്തില്‍ 2 പുലിമുട്ടും ആണ് നിര്‍മ്മക്കുക. ഇതിനായി കടല്‍ടഭിത്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് 254 കോടി രൂപയും പുലിമുട്ട് ശൃംഖലയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കുമായി 90കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ ബസാര്‍- കണ്ണമാലി ഭാഗത്തെ പുലിമുട്ടുകള്‍ക്കിടയില്‍ 2.35 മില്യണ്‍ മീറ്റര്‍ ക്യൂബ് മണല്‍ നിറച്ച് കൃത്രിമ ബീച്ച് നിര്‍മ്മിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. 

ചെല്ലാനത്തെ കടലേറ്റം തടയുന്നതു സംബന്ധിച്ച്   മന്ത്രിമാരായ പി.രാജീവ്, റോഷി അഗസ്റ്റിന്‍, സജി ചെറിയാന്‍ , ആന്റണി രാജു യോഗം ചേര്‍ന്നിരുന്നു.  തുടര്‍ന്ന്  സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചെല്ലാനം മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തീരദേശ സംരക്ഷണ പാക്കേജ് നിര്‍വ്വഹണത്തിനായി രണ്ട് സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. പൊതു മേല്‍നോട്ടത്തിനായി വ്യവസായ മന്ത്രി പി.രാജീവ് രക്ഷാധികാരിയായ സമിതിയേയും സാങ്കേതിക മേല്‍നോട്ടത്തിനായി തീരദേശ വികസന അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ഷേക്ക് പരീത് അധ്യക്ഷനായ ടെക്‌നിക്കല്‍ കമ്മിറ്റിയെയും നിശ്ചയിച്ചിട്ടുണ്ട്.