എല്ലാ രജിസ്‌ട്രേഷൻ രേഖകളും ഡിജിറ്റലൈസ് ചെയ്യും: മന്ത്രി ജി. സുധാകരൻ

post

തിരുവനന്തപുരം : നൂറുവര്‍ഷം പഴക്കമുള്ള എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളും നവീകരിക്കുമെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍. ഇത്തരത്തിലുള്ള 12 ഓഫീസുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ളവയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. രജിസ്‌ട്രേഷനിലൂടെ ഈ സാമ്പത്തികവര്‍ഷം 4,500 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുതുതായി പണികഴിപ്പിച്ച വെങ്ങാനൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി എല്ലാ രജിസ്‌ട്രേഷന്‍ രേഖകളും ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികള്‍ നടന്നുവരികണ്. എല്ലാവിധ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കുമായി ഇപേമെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പൊതുജനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണം. രജിസ്‌ട്രേഷന്‍ മേഖലയില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിനായി. സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ സേവനം കാര്യക്ഷമമാക്കാന്‍ ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥെരെ അധികമായി നിയമിക്കുന്നതടക്കം വേണ്ടതെല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എം. വിന്‍സെന്റ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എം.എല്‍.എ ജമീല പ്രകാശം, രജിസ്ര്‌ടേഷന്‍ ഐ.ജി എ. അലക്‌സാണ്ടര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യാഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.