കൊറോണ ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

post

*അതീവ ജാഗ്രത തുടരും

തിരുവനന്തപുരം : കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അപക്‌സ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു.
ഇത് ആരെയും ഭയപ്പെടുത്താനല്ല, നമുക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞാല്‍ മരണങ്ങളില്ലാതെ രക്ഷപ്പെടുത്താനാകും. ശ്രദ്ധയില്‍പ്പെടാതെ വൈറസ് ബാധ പെരുകാനിടവരുത്തരുത്. അതുകൊണ്ട് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും ഇന്ത്യയിലെത്തി 28 ദിവസങ്ങള്‍ കഴിയുന്നതുവരെ വീടുകളില്‍ത്തന്നെ തുടരുകയും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയും വേണം. സംസ്ഥാനത്തുടനീളം ജാഗ്രത തുടരും. തൃശൂര്‍, കാസര്‍കോട്, ആലപ്പുഴ ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധയോടെയുള്ള ഇടപെടല്‍ നടത്തുന്നുണ്ട്. സംസ്ഥാനതലത്തിലും ജില്ലാ ആസ്ഥാനങ്ങളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകള്‍ സജ്ജമാണ്. 2239 പേര്‍ കോറോണ ബാധിത മേഖലകളില്‍ നിന്ന് സംസ്ഥാനത്ത് എത്തിയതായാണ് നിലവിലെ കണക്ക്. ഇവരില്‍ 84 പേരെ ആശുപത്രികളിലാക്കിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ഐസോലേഷന്‍ വാര്‍ഡുകളിലാണ്. മറ്റു ചിലരും ബന്ധുകളും നിരീക്ഷണത്തിലാണ്. വീടുകളില്‍ 2155 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ ഹോം ക്വാറന്റയിനില്‍ വെക്കാനുള്ളവര്‍ക്ക് അതിനാവശ്യമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഇതുവരെ 140 സാമ്പിളുകളാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇതില്‍ 49 പരിശോധനാഫലങ്ങള്‍ വന്നതില്‍ മൂന്നെണ്ണമാണ് പോസിറ്റീവ്. ബാക്കി ഫലങ്ങള്‍ വരാനുണ്ട്. തിങ്കളാഴ്ച രാവിലെയാണ് കാസര്‍കോട് നിന്ന് ഒരു രോഗിയുടെ പരിശോധനാഫലം പോസിറ്റീവ് ആയി കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. കൃത്യസമയത്ത് കണ്ടെത്തി ചികിത്സ നല്‍കാന്‍ കഴിഞ്ഞതിന്റെ ഫലമാണ്. കൃത്യമായ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ലക്ഷണങ്ങള്‍ക്കുള്ള ചികിത്സയും നടത്തിയാണ് ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ രോഗബാധിത മേഖലകളില്‍ നിന്ന് വന്നിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും ചികിത്സ തേടുകയും വേണം.
മൂന്നാമത്തെ കേസും സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതയാണ് തുടരുന്നത്. രോഗബാധിതരുമായി സമ്പര്‍ക്കത്തിലായിരുന്ന 82 പേരെ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 40 പേര്‍ തൃശൂരും 42 പേര്‍ മറ്റ് ജില്ലകളിലുമാണ്. ഒരുപാട് പേര്‍ സഹകരിക്കുകയും ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ചിലര്‍ വിവരങ്ങള്‍ അറിയിക്കാത്തത് അവര്‍ക്കും നാടിനും ആപത്കരമാണ്. ഒരുമാസത്തെ വീട്ടുനിരീക്ഷണം കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.