ഓണക്കോടിയുമായി ജില്ലാ കലക്ടര്‍

post

കൊല്ലം: അശരണ ബാല്യങ്ങള്‍ക്കും വയോജനങ്ങള്‍ക്കും ഓര്‍മയില്‍ എന്നും സൂക്ഷിക്കാന്‍ മറ്റൊരു ഓണക്കാലം. ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ഓണത്തുടി 2021 ന്റെ ഭാഗമായി അവരെ തേടിയെത്തിയത് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ഓണക്കോടിയും സമ്മാനങ്ങളുമായി നിറവിന്റെ ഓണക്കാലം സമ്മാനിക്കാനാണ് അദ്ദേഹം വിവിധ സര്‍ക്കാരിതര അനാഥ സംരക്ഷണ കേന്ദ്രങ്ങളിലെത്തിയത്.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഓണക്കാലത്ത് വിവിധ മന്ദിരങ്ങളില്‍ കിട്ടാറുള്ള സമ്മാനങ്ങള്‍ പരിമിതമാകുമെന്ന് കണ്ടാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്. ഇഞ്ചവിളയിലെ വൃദ്ധപരിപാലന കേന്ദ്രത്തിലുള്ളവര്‍ക്കെല്ലാം വസ്ത്രങ്ങള്‍ നല്‍കി. മറ്റ് സ്ഥാപനങ്ങളില്‍ കഴിയുന്നവര്‍ക്കും ഓണപ്പുടവയെത്തിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ ഓണസമ്മാനം എത്തിച്ചത്.

ഓണത്തുടിയുടെ ഭാഗമായി കുട്ടികളുടെ കലാപരിപാടികള്‍ അവിട്ടം ദിനമായ 22നും പ്രമുഖര്‍ പങ്കെടുക്കുന്ന കലാവിരുന്ന് ചതയ ദിനമായ 23നും ഓണ്‍ലൈനായി അരങ്ങേറും. പരിപാടിയില്‍ മന്ത്രിമാര്‍, സാംസ്‌കാരിക നായകര്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കല്യാണ്‍ ജ്വല്ലേഴ്സ്, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്, സില്‍ക്ക് വേള്‍ഡ് എന്നിവയുടെ സഹകരത്തോടെയാണ് പരിപാടികള്‍.