കേരളത്തില്‍ രണ്ടാം തരംഗം വൈകിയാണെത്തിയത്: ആരോഗ്യമന്ത്രി

post

തിരുവനന്തപുരം: കേരളത്തില്‍ രണ്ടാം തരംഗം വൈകിയാണുണ്ടായതെന്നും ഇതിനെ ഫലപ്രദമായി നേരിടുന്നതിനുള്ള നടപടി കേരളം സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണാജോര്‍ജ് പറഞ്ഞു. കോവിഡ് അവലോകന യോഗത്തില്‍ കേരളം സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുകയായിരുന്നു.

ആശുപത്രികളിലെത്തുന്ന എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം പ്രവര്‍ത്തിച്ചത്. ആശുപത്രികള്‍ക്ക് അമിത ഭാരം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചു. ഇതിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതനുസരിച്ച് പരിശോധനകളും വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടുതല്‍ ആര്‍. ടി. പി. സി. ആര്‍ പരിശോധന കേരളം നടത്തുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളിലെ റാപ്പിഡ് റെസ്പോണ്‍സ് ടീം കോണ്ടാക്ട് ട്രേസിംഗ് ഫലപ്രദമായി നടത്തുന്നു. ഇതുവരെ 2,32,397 പേര്‍ക്ക് ടെലിമെഡിസിന്‍ സഹായം ലഭ്യമാക്കി. പ്രായമായവര്‍ക്കും ഹൈറിസ്‌ക്ക് വിഭാഗത്തിലുള്ളവര്‍ക്കും തുടക്കത്തില്‍ തന്നെ കൃത്യമായ മാനദണ്ഡം കേരളം നിശ്ചയിച്ചിരുന്നു. കോവിഡ് ജീനോം സീക്വന്‍സിങും സ്പൈക്ക് പ്രോട്ടീന്‍ സ്റ്റഡിയും കേരളം നടത്തുന്നുണ്ടെന്ന് മന്ത്രി കേന്ദ്ര സംഘത്തെ അറിയിച്ചു.

ഓണക്കാലത്ത് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരെ പ്രത്യേകം നിരീക്ഷിക്കണം. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ 90 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ ലഭിച്ചു. ദേശീയതലത്തില്‍ ഇത് 88 ശതമാനമാണ്. രണ്ടാം ഡോസ് വാക്സിന്‍ കേരളത്തിലെ 74 ശതമാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചു. ദേശീയ ശരാശരി 68 ശതമാനമാണ്. 18 വയസിന് മുകളിലുള്ള 58 ശതമാനം പേര്‍ക്ക് കേരളം ആദ്യ ഡോസ് വാക്സിന്‍ നല്‍കി. ദേശീയ ശരാശരി 44 ശതമാനമാണ്. ഈ വിഭാഗത്തില്‍ 23 ശതമാനം പേര്‍ക്ക് കേരളം രണ്ടാം ഡോസ് നല്‍കിയപ്പോള്‍ ദേശീയ ശരാശരി 12 ശതമാനമാണ്. അറുപത് വയസിന് മുകളിലുള്ള 92 ശതമാനം പേര്‍ക്ക് കേരളം ആദ്യ ഡോസ് വാക്സിന്‍ നല്‍കി. ദേശീയ ശരാശരി 58 ശതമാനം. രണ്ടാം ഡോഡ് 52 ശതമാനം പേര്‍ക്കും നല്‍കി. 52 ശതമാനം സ്ത്രീകള്‍ക്ക് കേരളം ആദ്യ ഡോസ് വാക്സിന്‍ നല്‍കി. ദേശീയ ശരാശരി 48 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു.