നനവ് നാടിന്റെ ഭാവി തീരുമാനിക്കുന്ന പദ്ധതി : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

post

കണ്ണൂര്‍: നനവ് പദ്ധതിയെ നാടിന്റെ ഭാവി തീരുമാനിക്കുന്ന ഏറ്റവും വലിയ ചുമതലയായി ഏറ്റെടുക്കണമെന്ന്  എക്‌സ്സൈസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.  പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ജലസംരക്ഷണ പദ്ധതിയായ നനവിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഭാവിയില്‍ നമ്മള്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് കുടിവെള്ള ക്ഷാമം അതിനെ നേരിടാന്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ നാടിനാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. നേരത്തെ നെല്‍വയലുകള്‍ ആയിരുന്നു ജലസംഭരണികളായി ഉണ്ടായിരുന്നത്. അനിയന്ത്രിതമായി നെല്‍വയലുകള്‍ നികത്തിയതോടെ ജലക്ഷാമം രൂക്ഷമായി തുടങ്ങിയത്. നെല്‍വയലുകള്‍ നികത്തില്ല എന്ന് നമ്മള്‍ തീരുമാനിക്കണമെന്നും മന്ത്രി പറഞ്ഞു

പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിനെ അടുത്ത മൂന്ന് വര്‍ഷത്തിനകം സമ്പൂര്‍ണ്ണ ജലസംരക്ഷണ ബ്ലോക്കായി മാറ്റുകയാണ് നനവ് പദ്ധതിയുടെലക്ഷ്യം.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെയും ഹരിത കേരള മിഷന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭൂമിയുടെ ജലനിരപ്പ് അനുദിനം താഴ്ന്ന്ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചൊക്ലി ,കതിരൂര്‍ മൊകേരി, പന്ന്യന്നൂര്‍, പഞ്ചായത്തുകളില്‍ ഭൂഗര്‍ഭ ജലം അനിയന്ത്രിതമായി താഴ്ന്നു പോകുന്ന സാഹചര്യത്തിലാണ് നനവ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഓരോ പ്രദേശത്തെയും ജല സാന്നിധ്യത്തെക്കുറിച്ച് വിദഗ്ധരുടെ സഹായത്തോടെ സര്‍വ്വേ നടത്തി. ഭൂഗര്‍ഭ ജലം കുറയുന്ന സ്ഥലങ്ങളില്‍ കിണര്‍ റീചാര്‍ജിങ്, മഴക്കുഴി നിര്‍മ്മാണം, വിവിധ തരം തടയണ നിര്‍മ്മാണം, പരമ്പരാഗത ജല സ്രോതസുകളുടെ സംരക്ഷണം തുടങ്ങിയവയാണ് അടുത്ത ഘട്ടത്തില്‍ ചെയ്യുക.