കൊറോണ: ആലപ്പുഴ ജില്ലയില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കി

post

തിരുവനന്തപുരം : ആലപ്പുഴ ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ  സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ സജ്ജീകരണങ്ങളും ജില്ലയില്‍ ഒരുക്കി. ചൈനയില്‍ നിന്ന് തിരിച്ചുവന്ന ശേഷം, ആലപ്പുഴ മെഡിക്കല്‍ കോളേജില്‍  ഐസൊലേഷനിലുള്ള ഒരാള്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍  മന്ത്രിമാരായ ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ അവലോകനയോഗം നടത്തി.  ആലപ്പുഴ മെഡിക്കല്‍ കോളേജിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ സാമ്പിള്‍ പരിശോധന ആരംഭിക്കാനുള്ള സംവിധാനം ഒരുങ്ങിയെന്ന്  അവലോകന യോഗത്തിന് ശേഷം മന്ത്രി  കെ കെ ശൈലജ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഡോക്ടര്‍ സുഗുണന്റെ നേതൃത്വത്തില്‍  പരിശോധന തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഇതുവരെ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നായിരുന്നു പരിശോധന നടത്തിയിരുന്നത്. ഇത് ആലപ്പുഴയിലേക്ക് മാറ്റുന്നതോടെ റിസള്‍ട്ട്  ലഭിക്കുന്നതില്‍ കാലതാമസം ഒഴിവാക്കാന്‍ പറ്റുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ മെഡിക്കല്‍ കണ്‍ട്രോള്‍ റൂം  കലക്ടറേറ്റിലേക്ക് മാറ്റുകയും ഈ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. നേരത്തെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആയിരുന്നു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചിരുന്നത്. ജില്ലാ മെഡിക്കല്‍ ഓഫിസറും ആരോഗ്യ മേഖല ജീവനക്കാരും കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് തുടര്‍ന്ന് പ്രവര്‍ത്തിക്കും.  സംസ്ഥാനത്ത് രണ്ട് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത് എന്നാല്‍ ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും മന്ത്രി പറഞ്ഞു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കും. ജില്ലാ കലക്ടര്‍ എം അഞ്ജന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
സ്വകാര്യആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലുമാണ് ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍  സജ്ജീകരിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ താലൂക്ക് ഹോസ്പിറ്റലുകളില്‍ ഐസൊലേഷന്‍ ബെഡ് ക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ മറ്റൊരു ഭാഗത്ത് കൂടി സജ്ജീകരണങ്ങള്‍ ഒരുക്കി കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കും. നാലു പേരാണ് ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ ഉള്ളത്.എല്ലാ വിഭാഗം ഉദ്യോഗസ്ഥരും ദിവസവും വൈകീട്ട് ആറുമണിക്ക് കലക്ടറേറ്റില്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്യും.
ചൈന, നേപ്പാള്‍, ശ്രീലങ്ക തുടങ്ങി കൊറോണ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തുനിന്ന് വരുന്നവര്‍ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണം. ഒരാളും കാര്യങ്ങള്‍ ഒളിച്ചു വയ്ക്കരുതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇന്‍കുബേഷന്‍ പീരീഡ് ആയ 28 ദിവസം കഴിയുന്നതുവരെ വരെ വിദേശത്തു നിന്നു വരുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഇരിക്കണം. രോഗലക്ഷണങ്ങള്‍ വരുന്നതിനു മുമ്പ് അടുത്ത സമ്പര്‍ക്കം ഉള്ളവര്‍ക്ക് ഈ രോഗം പകരാം.  ചൈനയില്‍ നിന്ന് തിരിച്ചു വന്നവരുമായി അടുത്ത സമ്പര്‍ക്കം ഉള്ളവരെയും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ചൈനയില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ സംസ്ഥാനത്ത് ജാഗ്രത പാലിച്ചു. അതുകൊണ്ടാണ്  ചൈനയില്‍ നിന്ന് വന്ന രോഗലക്ഷണങ്ങള്‍ ഉള്ളവരെ നേരത്തെ തന്നെ ഐസൊലേഷനിലാക്കാനായത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ ചാര്‍ജ് വഹിക്കുന്ന കൃഷ്ണകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍ അനിതകുമാരി, ജില്ലയിലെ ആരോഗ്യവകുപ്പിലെയും മറ്റു വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.