75ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

post

തിരുവനന്തപുരം: രാജ്യത്തിന്റെ 75ാമത്‌ സ്വാതന്ത്ര്യദിനം സംസ്ഥാനത്ത് സമുചിതമായി ആഘോഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപതാകയുയര്‍ത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍.

കേരള സായുധ പോലീസ് രണ്ടാം ബറ്റാലിയന്‍ പാലക്കാടിന്റെ കമാന്‍ഡന്റ് ആര്‍. ആനന്ദായിരുന്നു പരേഡ് കമാന്‍ഡര്‍. തിരുവനന്തപുരം സ്‌പെഷ്യല്‍ ആംഡ് പോലീസ് അസിസ്റ്റന്റ് കമാന്‍ഡന്റ് അജി ചാള്‍സ് ആയിരുന്നു സെക്കന്റ് ഇന്‍ കമാന്‍ഡ്.

ലളിതമായി നടന്ന ചടങ്ങില്‍ സായുധ ഘടകങ്ങളായ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്, കേരള സായുധ പോലീസ് ഒന്നാം ബറ്റാലിയന്‍, കേരള സായുധ പോലീസ് മൂന്നാം ബറ്റാലിയന്‍, കേരള വനിത കമാന്റോസ്, തിരുവനന്തപുരം സിറ്റി പോലീസ് എന്നിവരും സായുധരല്ലാത്ത ഘടകങ്ങളായ എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ ആര്‍മി (ആണ്‍കുട്ടികള്‍), എന്‍.സി.സി സീനിയര്‍ വിംഗ് ആര്‍മി (പെണ്‍കുട്ടികള്‍) എന്നിവരും പങ്കെടുത്തു. സ്‌പെഷ്യല്‍ ആംഡ് പോലീസ്, കേരള സായുധ പോലീസ് അഞ്ചാം ബറ്റാലിയന്‍ എന്നീ ബാന്റുകളും ഉണ്ടായിരുന്നു. വ്യോമസേനയുടെ ഹെലികോപ്റ്റില്‍ പുഷ്പവൃഷ്ടിയും ഉണ്ടായിരുന്നു. പതാകയുയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയശേഷം ക്ഷണിക്കപ്പെട്ട കോവിഡ് പോരാളികളുടെ അടുത്തെത്തി മുഖ്യമന്ത്രി അഭിവാദ്യം അര്‍പ്പിച്ചു.

മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു, മേയര്‍ എസ്. ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, ജില്ലാ കളക്ടര്‍ ഡോ: നവ്‌ജ്യോത് ഖോസ, സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ, ജനപ്രതിനിധികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പ്രത്യേക ക്ഷണിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.