കടമക്കുടിയില്‍ ടൂറിസത്തിന്റെ അനന്തസാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തും : മന്ത്രി മുഹമ്മദ് റിയാസ്

post

എറണാകുളം: കടമക്കുടിയില്‍ ടൂറിസത്തിന്റെ അനന്തസാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പൊതുമരാമത്ത് - ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്.  സംസ്ഥാനത്തെ റോഡുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ സൗന്ദര്യവത്കരിച്ച് നവീകരിച്ച വരാപ്പുഴ - കടമക്കുടി റോഡിന്റെ ഉദ്ഘാടനം  നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം കേന്ദ്രങ്ങള്‍ക്ക് കണക്ടിവിറ്റി റോഡുകള്‍ അത്യന്താപേക്ഷികമാണ്. നവീകരിച്ച റോഡ് ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുകയും മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന ആശയം മുന്‍ നിര്‍ത്തിയാണ് എല്ലാ പദ്ധതി പ്രവര്‍ത്തനങ്ങളും നടത്തുന്നത്. സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായ കടമക്കുടിയുടെ അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

വരാപ്പുഴ മാര്‍ക്കറ്റ് മുതല്‍ കടമക്കുടി ഐലന്റ് റോഡിലെ ഞാറയ്ക്കല്‍ നിരത്ത് വിഭാഗത്തിന്റെ കീഴില്‍ വരുന്ന രണ്ട് കിലോമീറ്റര്‍ റോഡാണ് നവീകരിച്ചത്. കാലപ്പഴക്കം വന്ന ഒരു കല്‍വര്‍ട്ടിന്റെ നിര്‍മ്മാണവും റോഡ് സംരക്ഷണ ഭിത്തിയും നിര്‍മ്മാണവും ടൂറിസം സാധ്യതകള്‍ പരിഗണിച്ച് 500 മീറ്റര്‍ നീളത്തില്‍ നടപ്പാതയും കാര്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 3 കോടി രൂപ ചെലവിലാണ് റോഡ് നവീകരണം പൂര്‍ത്തിയാക്കിയത്.