ജനകീയ ഹോട്ടലുകള്‍ക്ക് പി.ഡബ്ള്യു.ഡി നിരക്കിനേക്കാള്‍ വാടക നല്‍കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

post

തിരുവനന്തപുരം: വിശപ്പുരഹിത കേരളമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന വാടക നിരക്ക്, പി.ഡബ്ള്യു.ഡി നിരക്കിനേക്കാള്‍ അമ്പത് ശതമാനം വരെ വര്‍ധിപ്പിച്ചുനല്‍കുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രഖ്യാപിച്ചു.

കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി സംസ്ഥാനത്ത് ഒരാള്‍ പോലും വിശന്നിരിക്കരുത് എന്ന കരുതലിന്റെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച്, കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ജനകീയ ഹോട്ടലുകള്‍ വഴി 20 രൂപയ്ക്കാണ് ഉച്ചയൂണ് ലഭ്യമാക്കുന്നത്. ആലംബമറ്റവര്‍ക്ക് സൗജന്യമായും ജനകീയ ഹോട്ടലിലൂടെ ഭക്ഷണം നല്‍കുന്നുണ്ട്. വാടകയ്ക്കെടുത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലുകള്‍ക്കുള്ള വാടക തദ്ദേശ സ്ഥാപനങ്ങളാണ് നല്‍കുന്നത്. വൈദ്യുതി ചാര്‍ജ്ജും വാട്ടര്‍ ചാര്‍ജ്ജും ഇതിനൊപ്പം വഹിക്കുന്നുണ്ട്. കെട്ടിട വാടക പി.ഡബ്ള്യു.ഡി നിരക്കില്‍ നിജപ്പെടുത്തുമ്പോള്‍ വാടക തീര്‍ത്തടക്കാന്‍ പറ്റാത്ത അവസ്ഥ പല സ്ഥലങ്ങളിലും ഉണ്ടായത് മനസിലാക്കിയാണ് തുക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.