കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് സുസജ്ജം : മന്ത്രി കെ കെ ശൈലജ

post

കൊല്ലം : കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് മന്ത്രി കെ കെ ശൈലജ. നീണ്ടകര താലൂക്ക് ആശുപത്രിയില്‍ നിര്‍മിക്കുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിപ്പയെ ചെറുത്തു തോല്‍പ്പിച്ച അനുഭവ സമ്പത്ത് കോറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ കരുത്തുപകരും. സംസ്ഥാനത്ത് ആകെ 1793 പേര്‍ നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ല. മരണ നിരക്ക് താരതമ്യേന കുറവാണ് കൊറോണയ്ക്ക് എങ്കിലും രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ജാഗ്രതയും മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിയിലൂടെ കേരളത്തിലെ ആശുപത്രി വികസനത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ലക്ഷ്യമിടുന്നത്. കിഫ്ബി വഴി നിര്‍മിക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ വന്‍കിട ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങളോടെയാണ് നിര്‍മിക്കുന്നത്. 46.43 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നീണ്ടകരയില്‍ നടക്കുക. ആരോഗ്യ രംഗത്തെ കേരളത്തിന്റ നേട്ടങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. പ്രതിദിനം പ്രതിരോധം പോലുള്ള കാമ്പയിനുകള്‍ ലക്ഷ്യപ്രാപ്തിയിലേക്ക് അടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.
എന്‍ വിജയന്‍പിള്ള എം എല്‍ എ അധ്യക്ഷത വഹിച്ചു. നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സേതുലക്ഷ്മി, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി കെ ലളിത, പന്മന  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശാലിനി,  തെക്കുംഭാഗം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   എ യേശുദാസന്‍, തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷിഹാബ്, തദ്ദേശ ജനപ്രതിനിധികളായ കെ ജി വിശ്വംഭരന്‍, എസ് ശോഭ, ബിന്ദു സണ്ണി, വിജയകുമാരി, കോയിവിള സൈമണ്‍, തങ്കമണി പിള്ള, കെ എ നിയാസ്, എന്‍ മോഹന്‍ലാല്‍, പി സുധാകുമാരി, ആര്‍ അരുണ്‍രാജ്, എം കെ മുംതാസ്, ഡി എം ഒ വി.വി.ഷേര്‍ലി, ഹൗസിങ് ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ കൃഷ്ണകുമാര്‍, ചെയര്‍മാന്‍ പി പ്രസാദ്, ആശുപത്രി സൂപ്രണ്ട് എ കെ റുബൈദ് തുടങ്ങിയവര്‍ സംസാരിച്ചു.