പൊങ്ങനാംതോട് കൈയേറ്റം ഒഴിപ്പിച്ച് മാലിന്യമുക്തമാക്കല്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും സ്ഥലം സന്ദര്‍ശിച്ചു

post

പത്തനംതിട്ട : കോഴഞ്ചേരി പഞ്ചായത്തിലെ പൊങ്ങനാംതോട് കൈയേറ്റം ഒഴിപ്പിച്ച് മാലിന്യമുക്തമാക്കി മാറ്റുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് സന്ദര്‍ശനം.

തോടിന്റെ സ്ഥലത്തുണ്ടായ വന്‍തോതിലുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് റവന്യൂ റെക്കോര്‍ഡിലെ വീതി തിട്ടപ്പെടുത്തി തദ്ദേശ ഭരണസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ജനകീയ പങ്കാളിത്തത്തോടെ പൊങ്ങനാംതോട് ശുചീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പമ്പാ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

പൊങ്ങനാംതോട് മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും തോട്ടിലേക്ക് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും മാലിന്യപ്രശ്‌നം, കൈയേറ്റം തുടങ്ങിയവയെക്കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

കോഴഞ്ചേരി പഞ്ചായത്തിലെ ഒന്ന്, അഞ്ച്, പതിമൂന്ന് വാര്‍ഡുകളിലൂടെ ഒഴുകുന്ന പൊങ്ങനാംതോട് പമ്പാനദിയിലാണ് അവസാനിക്കുന്നത്. മൈനര്‍ ഇറിഗേഷന്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ ചില സ്ഥലങ്ങളില്‍ തോട്ടിലെ മാലിന്യങ്ങള്‍ നീക്കം  ചെയ്തിരുന്നു.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദേവി, ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ്, വൈസ് പ്രസിഡന്റ് മിനി സുരേഷ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോയ് ഫിലിപ്പ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിത ഫിലിപ്പ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമിത ഉദയകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ബിജിലി പി ഈശോ, ബിജി പി മാത്യു, മേരിക്കുട്ടി ടീച്ചര്‍, വാസു, തോമസ് ചാക്കോ, സാലി ഫിലിപ്പ്, ഗീതു മുരളി, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.