ഉത്സവബത്തയും കോവിഡ് ധനസഹായവും വിതരണം ചെയ്യും

post

തിരുവനന്തപുരം: കേരള ആധാരമെഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടര്‍മാരുടെയും ക്ഷേമനിധിയില്‍ നിന്ന് പുതുക്കിയ നിരക്കില്‍ ഓണക്കാല ഉല്‍സവബത്തയും, കോവിഡ്കാല അധിക ധനസഹായവും വിതരണം ചെയ്യുന്നതിന് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ നിര്‍ദ്ദേശം നല്‍കി. ക്ഷേമനിധി അംഗങ്ങള്‍ക്ക് 2,000 രൂപ നിരക്കിലാണ് ഓണക്കാല ഉല്‍സവബത്ത കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തിരുന്നത്. ഈ തുകയില്‍ 1,000 രൂപയുടെ വര്‍ദ്ധനവ് വരുത്തി 3,000 രൂപ ഓണക്കാല ഉല്‍സവബത്തയായി വിതരണം ചെയ്യുന്നതിനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഏകദേശം 6000ത്തോളം സജീവ ക്ഷേമനിധി അംഗങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

അടിയന്തിര സാഹചര്യങ്ങളില്‍ അംഗങ്ങള്‍ക്ക് മൂവായിരം രൂപ വരെ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ പ്രത്യേക ധനസഹായം വിതരണം ചെയ്യുന്നതിന് പദ്ധതിയില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതുപ്രകാരം കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം 1,000 രൂപയുടെ അടിയന്തിര സഹായമെന്ന നിലയില്‍ 2,000 രൂപ കൂടി പ്രത്യേക ധനസഹായമായി വിതരണം ചെയ്യുന്നതിനും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.