ആംഗ്യഭാഷയില്‍ 'മൂക്' ഒരുക്കി കാലിക്കറ്റ് ഇ.എം.എം.ആര്‍.സി.

post

തിരുവനന്തപുരം: കേള്‍വി പരിമിതിയുള്ളവരെ ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. ആംഗ്യഭാഷയില്‍ 'മൂക്' (മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ്) ഒരുക്കി. 'ഫോംസ് ഓഫ് ബിസിനസ് ഓര്‍ഗനൈസേഷന്‍' എന്ന പേരിലുള്ള കോഴ്‌സ് സ്വയം പോര്‍ട്ടലില്‍ ലഭ്യമാകും. ഇന്ത്യയില്‍ ആദ്യമായി സ്വയം പോര്‍ട്ടലില്‍ ആംഗ്യഭാഷയില്‍ നടത്തുന്ന കോഴ്‌സിന് ഓഗസ്റ്റ് 31 വരെ രജിസ്റ്റര്‍ ചെയ്യാനാകുമെന്ന് ഇ.എം.എം.ആര്‍.സി. ഡയറക്ടര്‍ ദാമോദര്‍ പ്രസാദ് അറിയിച്ചു.

ആറാഴ്ചയാണ് കോഴ്‌സ് കാലാവധി. തിരുവനന്തപുരം നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിലെ കൊമേഴ്‌സ് വകുപ്പ് മേധാവി ഡോ. യു.ബി. ഭാവനയാണ് ഇത് തയ്യാറാക്കിയത്. സജിത്ത് കുമാര്‍ കോയിക്കലാണ് കോഴ്‌സിന്റെ നിര്‍മാതാവ്. കൊമേഴ്‌സ്, മാനേജ്‌മെന്റ് പഠിതാക്കള്‍ക്ക് അനുയോജ്യമായ ക്ലാസിന് ആംഗ്യഭാഷക്ക് പുറമെ സംഭാഷണ അകമ്പടിയുമുണ്ട്.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ആംഗ്യഭാഷയുടെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്. മൂക് പ്രോഗ്രാമുകള്‍ ധാരാളമുണ്ടെങ്കിലും കേള്‍വി പരിമിതിയുള്ളവര്‍ക്ക് ഇത് വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.