വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കും

post

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ലേബര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വെട്ടിപ്പുറം ഗവണ്‍മെന്റ് എല്‍. പി സ്‌കൂളില്‍ അതിഥി തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച വാക്‌സിനേഷന്‍ ക്യാമ്പിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍. ജില്ലാ ആസ്ഥാനത്തെ വ്യാപാരി സംഘടനാ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം നഗരസഭ ഓഫീസില്‍  ചര്‍ച്ച നടത്തിയിരുന്നു. ഓണക്കാലത്ത് ജില്ലാ ആസ്ഥാനത്ത്  തിരക്കുമൂലം രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് സമ്പൂര്‍ണ വാക്‌സിനേഷനിലേക്ക് നീങ്ങാന്‍ നഗരസഭ ഉദ്ദേശിക്കുന്നത്. വരും ദിവസങ്ങളില്‍ എല്ലാ വ്യാപാരസ്ഥാപനങ്ങളിലേയും തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.