വന്യമൃഗ ശല്യം: ജില്ലാതല യോഗം ആഗസ്റ്റ് ആറിന്

post

കാസര്‍ഗോഡ്  : ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലാതലത്തില്‍ ജനപ്രതിനിധികളുടേയും ഉദ്യാഗസ്ഥരുടെയും യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കുന്നതിന് ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ആഗസ്റ്റ് ആറിന് വൈകീട്ട് അഞ്ചിന് ഓണ്‍ലൈനില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം നടത്തും. വനാതിര്‍ത്തിയില്‍ സോളാര്‍ വൈദ്യുതി വേലികള്‍  നിര്‍മിക്കുന്നതിന്  ഉള്‍പ്പടെ നടപടി ഊര്‍ജിതമാക്കണം. വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ച കര്‍ഷകര്‍ക്ക് നഷ്ടത്തിന് ആനുപാതികമായ നഷ്ടപരിഹാരം നല്‍കുന്നതിന് നിലവില്‍ അനുവദനീയമായ തുക പുനര്‍നിര്‍ണയിക്കാന്‍ വനം വകുപ്പും കര്‍ഷക ക്ഷേമ കാര്‍ഷിക വികസന വകുപ്പും നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. വന്യമൃഗങ്ങളില്‍നിന്ന് സ്വയം രക്ഷക്കായി ഗണ്‍ ലൈസന്‍സിന് അപേക്ഷിച്ചവര്‍ക്ക് നിയമാനുസൃതം ലൈസന്‍സ് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.

ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ മായ എ എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം എല്‍ എ മാരായ എ കെ എം അഷറഫ്, എന്‍എ നെല്ലിക്കുന്ന്, അഡ്വ സി എച്ച് കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍,  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് കെ പി വത്സലന്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി സുജാത, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി യുടെ പ്രതിനിധി സാജിദ് മൗവ്വല്‍, എഡിഎം  എ കെ രമേന്ദ്രന്‍, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ് മോഹന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാതല ഉദ്യോഗസ്ഥര്‍, ഡിഡി സി അംഗങ്ങള്‍ എന്നിവര്‍ ഓണ്‍ലൈനിലും പങ്കെടുത്തു. ജില്ലാ വികസന സമിതി യോഗ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേ പദ്ധതി നിര്‍വ്വഹണത്തിലും എം എല്‍ എ മാരുടെ ആസ്തി വികസന ഫണ്ട് വിനിയോഗത്തിലും ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

വാക്സിനേഷന്‍ പൂര്‍ണമായും സുതാര്യമായും പരാതിരഹിതമായും ചെയ്യണമെന്നാണ് സര്‍ക്കാര്‍ സമീപനമെന്നും ഇത് പക്ഷപാതരഹിതമാകണമെന്നും ഇ ചന്ദ്രശേഖരന്‍ എം എല്‍ എ പറഞ്ഞു. വാര്‍ഡ് തല വാക്സിന്‍ വിതരണത്തില്‍ ആക്ഷേപമുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ടിപി റോഡില്‍ കാഞ്ഞങ്ങാട് നഗരത്തില്‍  നിര്‍മിച്ച സൗരോര്‍ജ വിളക്കുകള്‍ പ്രകാശിക്കുന്നില്ല. അറ്റകുറ്റപണികള്‍ അടിയന്തരമായി നടത്തണമെന്ന്  എം എല്‍ എ ആവശ്യപ്പെട്ടു. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സന്ദര്‍ശക വിസയില്‍ പോകുന്ന പ്രവാസി മലയാളികള്‍ക്ക് വാക്സിന്‍ ലഭ്യമാക്കണമെന്ന് എന്‍എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. എം എല്‍ എ മാരുടെ ആസ്തി വികസന ഫണ്ടില്‍ അനുവദിച്ച പദ്ധതികള്‍ കരാറുകാരുടെ അനാസ്ഥ കാരണം തടസ്സപ്പെടുന്നതിനാല്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുന്‍ഗണനാക്രമത്തിലുള്ള അര്‍ഹരായ എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് ഉറപ്പു വരുത്തണമെന്ന് എം. രാജഗോപാലന്‍ എം എല്‍ എ പറഞ്ഞു. വിവിധ തസ്തികകളില്‍ ജില്ലയില്‍ സര്‍ക്കാര്‍ ഓഫീസുകളിലുള്ള മുഴുവന്‍ ഒഴിവുകളും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ആഗസ്റ്റ് 4ന് റാങ്ക് ലിസ്റ്റ് കഴിയുന്ന തസ്തികകളില്‍ അടിയന്തര പരിഗണന നല്‍കണം. പൊതുമരാമത്ത് റോഡുകളുടെ നിര്‍മാണത്തില്‍ പൊതുമരാമത്ത്, വൈദ്യുതി ബോര്‍ഡ്, ജല അതോറിറ്റി തുടങ്ങിയവ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേന്ത്രവാഴ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണൊന്നും എം എല്‍ എ പറഞ്ഞു.

മഞ്ചേശ്വരം ഹാര്‍ബര്‍ ബീച്ച് റോഡ് ബ്രിഡ്ജ് പ്രവൃത്തി അടിയന്തരമായി നടത്തണമെന്ന് എ കെ എം അഷറഫ് എംഎല്‍എ പറഞ്ഞു. എന്‍മകജെ പഞ്ചായത്തിലെ സായി ഗ്രാമത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടി നിര്‍മിച്ച വീടുകളില്‍ വൈദ്യുതിയും റോഡും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

മദ്യം-മയക്കുമരുന്ന്  കേസ്സുകളുമായി ബന്ധപ്പെട്ടുള്ള അക്രമണങ്ങള്‍  കൂടുതലായി  റിപ്പോര്‍ട്ട് ചെയ്യുന്നത് കാസര്‍കോട് താലൂക്കില്‍ ആയതിനാല്‍ മദ്യത്തിനും മയക്കുമരുന്നിനും  അടിമപ്പെട്ടവരെ ചിക്കല്‍സിക്കാന്‍ വേണ്ടി ഡി അഡിക്ഷന്‍  സെന്റര്‍ മുളിയാര്‍ ആശുപത്രിയില്‍  ആരംഭിക്കുന്നതിന് ആവശ്യമായ  നിര്‍ദേശം നല്‍കണമെന്ന് . സി.എച്ച്.കുഞ്ഞമ്പു എം എല്‍ എ പറഞ്ഞു.

  വന്യമൃഗങ്ങളില്‍ നിന്നും കാര്‍ഷിക  വിളകളെ  സംരക്ഷിക്കുന്നതിന്  കര്‍ഷകര്‍ക്ക്  നല്‍കിയ തോക്കിന്റെ ലൈസന്‍സ് ഒരു കാരണവുമില്ലാതെ പുതുക്കി നല്‍കാതിരിക്കരുത്. തോക്കിന്റെ  ലൈസന്‍സ്  പുതുക്കി നല്‍കുന്നതിനാവശ്യമായ  നടപടികള്‍  സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രാദേശിക തലത്തില്‍ റോഡ് നിര്‍മാണത്തില്‍ വകുപ്പുകളുടെ ഏകോപനമുണ്ടാകണമെന്ന് ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് കെ പി വത്സലന്‍ പറഞ്ഞു. കാഞ്ഞങ്ങാട് നഗരത്തിലെ സൗരോര്‍ജ വിളക്കുകള്‍ പ്രകാശമാനമാക്കാന്‍ കെ എസ് ടി പി അടിയന്തരമായി ഇടപെടണമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ കെവി സുജാത പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി നടക്കുന്ന ജില്ലാ വികസന സമിതി യോഗമായിരുന്നു ഇത്.