ഹോം ക്വാറന്റൈന്‍ സ്വന്തം സുരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കും:ആരോഗ്യമന്ത്രി

post

തൃശൂര്‍: ചൈനയിലെ വുഹാനില്‍നിന്നും പരിസര പ്രദേശങ്ങളില്‍നിന്നും വന്നവര്‍ സ്വന്തം സുരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കുമായി 28 ദിവസത്തെ ഹോം  ക്വാറന്റൈന്‍ നിര്‍ബന്ധമായി അനുഷ്ഠിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അവര്‍ക്ക് രോഗം ഉണ്ടെന്ന് അതിന് അര്‍ഥമില്ല. ഇവരെ പരിചരിക്കുന്ന ബന്ധുക്കള്‍ സാമൂഹിക കൂട്ടായ്മകളില്‍ പോവരുത്. ഇവര്‍ ജോലിക്കും പോവരുത്. സ്വകാര്യ മേഖലയിലായാലും സര്‍ക്കാര്‍ മേഖലയിലായാലും ഇവര്‍ക്ക് മതിയായ അവധി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. അവധി എടുക്കുന്നത് കൊണ്ട് ജോലി നഷ്ടമാവുമെന്ന പേടി ആര്‍ക്കും വേണ്ട. ഇപ്രകാരം അവധി എടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഹാജര്‍ കണക്കാക്കും. ഒഴിവാക്കാനാത്ത പരീക്ഷകള്‍ ഉണ്ടെങ്കില്‍ ജില്ലാ കളക്ടറെ ബന്ധപ്പെട്ടാല്‍ പരിഹാരം ഉണ്ടാക്കുമെന്നും ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു.വുഹാനില്‍നിന്നും വന്ന ഒരുപാട് പേര്‍ നേരിട്ട് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കുന്നുണ്ട്. അവരോടുള്ള നന്ദി മന്ത്രി അറിയിച്ചു.കൊറോണ വൈറസിന് നിപ്പ വൈറസിനെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെങ്കിലും നിപ്പയേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ രോഗം പകരുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ലക്ഷണം ഇല്ലാത്ത സമയത്തും രോഗം പകരും. പ്രമേഹവും ഹൃദയ രോഗങ്ങളും ഉള്ളവര്‍ക്ക് അസുഖം ബാധിച്ചാല്‍ മരണകാരണമായേക്കാം. ശ്രദ്ധയാണ് ചികിത്സ.