കോന്നി മണ്ഡലത്തിലെ 400 കോടിയുടെ കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും

post

പത്തനംതിട്ട : കോന്നി നിയോജക മണ്ഡലത്തിലെ 400 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

     അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരമാണ് മന്ത്രി തിരുവനന്തപുരത്ത് യോഗം വിളിച്ചു ചേര്‍ത്തത്. 2020 ലെ ബജറ്റിലാണ് കോന്നി നിയോജക മണ്ഡലത്തില്‍ 400 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി പ്രഖ്യാപിച്ചത്. വാട്ടര്‍ അതോറിറ്റി പ്രൊജക്ട് വിഭാഗമാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍  തയാറാക്കുന്നത്.

      മൈലപ്ര -മലയാലപ്പുഴ പഞ്ചായത്തുകള്‍ക്കായി നടപ്പാക്കുന്ന പദ്ധതിക്ക് 107 കോടി രൂപയുടെ ഡിഇആര്‍ ആണ് തയാറാക്കിയിട്ടുള്ളത്. 6972 കുടുംബങ്ങള്‍ക്ക് പദ്ധതിയില്‍ നിന്നും ശുദ്ധജലം ലഭ്യമാക്കും.  നിലവിലുള്ള തണ്ണിത്തോട് പദ്ധതി വിപുലീകരിക്കും. 13.34 കോടിയാണ് ഇതിനായി ചിലവഴിക്കുക. ഡിഇആര്‍ തയാറായി. 3499 കുടുംബങ്ങള്‍ക്കു കൂടി കണക്ഷന്‍ ലഭിക്കും.

      ചിറ്റാര്‍ പദ്ധതിയുടെയും ഡിഇആര്‍ തയ്യാറായിട്ടുണ്ട്. 41.5 കോടിയുടെ പദ്ധതിയാണ് രൂപീകരിച്ചിട്ടുള്ളത്. നിലയ്ക്കല്‍ പദ്ധതി പുരോഗതി മന്ത്രി നേരിട്ട് വിലയിരുത്തണമെന്നും എംഎല്‍എ യോഗത്തില്‍ അഭ്യര്‍ഥിച്ചു.

      കലഞ്ഞൂര്‍- ഏനാദിമംഗലം പദ്ധതിക്കായി 28.55 കോടിയുടെ പദ്ധതിക്കും ഡിഇആര്‍ തയാറായി. 3000 കുടുംബങ്ങള്‍ക്കാണ് കണക്ഷന്‍ ലഭിക്കുക. കലഞ്ഞൂര്‍-അരുവാപ്പുലം പദ്ധതിയില്‍ 2379 കുടുംബങ്ങള്‍ക്കും കണക്ഷന്‍ ലഭിക്കും. അരുവാപ്പുലം -കോന്നി പദ്ധതിയില്‍ 2340 കുംബങ്ങള്‍ക്കും, മെഡിക്കല്‍ കോളജ് പദ്ധതി വിപുലീകരണത്തിലൂടെ 1248 കുടുംബങ്ങള്‍ക്കും കണക്ഷന്‍ ലഭിക്കും. ഇതിനായി 117.4 കോടിയുടെ പദ്ധതിയാണ് തയാറായിട്ടുള്ളത്.

      പ്രമാടം കുടിവെള്ള പദ്ധതിക്ക് 78.53 കോടിയുടെ ഡിഇആര്‍ ആണ് തയാറായിട്ടുള്ളത്. 9669 കുടുംബങ്ങള്‍ക്കാണ് കുടിവെള്ള കണക്ഷന്‍ ലഭിക്കുക. നിലവിലുള്ള വള്ളിക്കോട് പദ്ധതിയുടെ വിപുലീകരണവും ഇതോടൊപ്പം നടക്കും.

      ഡീറ്റയില്‍ഡ് എസ്റ്റിമേറ്റ് റിപ്പോര്‍ട്ട് തയാറായ സാഹചര്യത്തില്‍ അടുത്ത സംസ്ഥാന തല സ്‌കീം സാംങ്ഷന്‍ കമ്മറ്റിയില്‍ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കണമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങള്‍ ആവശ്യമുള്ളത് എത്രയും വേഗം വാങ്ങണം. പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി നിദേശിച്ചു.

    യോഗത്തില്‍ എംഎല്‍എമാരായ അഡ്വ. കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണന്‍, ജലവിഭവ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലിമ മാനുവല്‍, വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനിയര്‍മാരായ ലീനകുമാരി, എസ്.സേതു കുമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.