മുളന്തുരുത്തി മേഖലയിൽ കൃഷിവ്യാപനം സാധ്യമാക്കി വിവിധ കാർഷിക പദ്ധതികൾ

post

എറണാകുളം: സുഭിക്ഷകേരളം പദ്ധതിക്ക് കീഴിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ എട്ട് ഹെക്ടറിലധികം തരിശ് ഭൂമിയിൽ കൃഷിയിറക്കി. ഹരിതകർമസേന, കുടുംബശ്രീ കൂട്ടായ്മകൾ, വിവിധ സ്വയംസഹായ സംഘങ്ങൾ, കാർഷിക കൂട്ടായ്മകൾ എന്നിവർക്ക് പുറമേ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച വിവിധ വാർഡുതല ജാഗ്രതാ സമിതികളും കാർഷിക രംഗത്ത് സജീവമാണ്.

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആറ് പഞ്ചായത്തുകളിലും ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയും മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. പദ്ധതിക്ക് കീഴിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിൽ ഒരേക്കർ പച്ചക്കറികൃഷി ഒരുക്കിയിട്ടുണ്ട്. 16500 പച്ചക്കറി വിത്ത്  പായ്ക്കറ്റുകൾ, 90000 പച്ചക്കറി തൈകൾ എന്നിവ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു.   

ഓണ ത്തിനൊരുമുറം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 60 ടൺ പച്ചക്കറി ഉത്പാദനമാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. തരിശുരഹിത ഭൂമി ലക്ഷ്യമിടുന്ന  സുഭിക്ഷകേരളം പദ്ധതിക്ക് കീഴിൽ ഒരു ഹെക്ടറിന് കർഷകർക്ക് 37000 രൂപയും സ്ഥല ഉടമക്ക് 3000 രൂപയും സർക്കാർ സബ്സിഡി നൽകുന്നു.