കൊട്ടാരക്കരയില്‍ ഹൈടെക് മത്സ്യമാര്‍ക്കറ്റ്

post

കൊല്ലം: കൊട്ടാരക്കരയില്‍ ഹൈടെക് മത്സ്യമാര്‍ക്കറ്റ് വരുന്നു. പദ്ധതിക്ക് കിഫ്ബി വഴി അഞ്ചു കോടി രൂപയുടെ ധനസഹായം ലഭ്യമാക്കും.  പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച ആലോചന യോഗം പി  അയിഷാപോറ്റി എം എല്‍ എ യുടെ അധ്യക്ഷതയില്‍ മുന്‍സിപ്പാലിറ്റിയില്‍ ചേര്‍ന്നു. കൊട്ടാരക്കര ചന്തമുക്കിലാണ് ആധുനിക സൗകര്യങ്ങളോടെ ഹൈടെക് മത്സ്യമാര്‍ക്കറ്റ് ഒരുങ്ങുക. ഇവിടെ നിലവിലുള്ള  കോണ്‍ക്രീറ്റ് കെട്ടിടം പൂര്‍ണമായും നവീകരിക്കും. രണ്ടു നിലകളിലായി എണ്‍പതില്‍പരം കച്ചവട സ്റ്റാളുകളും മുപ്പതില്‍പ്പരം മത്സ്യവിപണന സ്റ്റാളുകളും ഏഴ് ഇറച്ചി സ്റ്റാളുകളും ഉള്‍പ്പെടുത്തിയാകും  നിര്‍മ്മാണം.  മത്സ്യ സ്റ്റാളില്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഡിസ്‌പ്ലേ ടേബിള്‍, കട്ടിംഗ് കൗണ്ടര്‍, സിങ്ക് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. ഫ്രീസര്‍ റൂം, പ്രിപ്പറേഷന്‍ റൂം, സ്റ്റോര്‍ റൂം എന്നിവയുമുണ്ട്.

മത്സ്യ കച്ചവടക്കാര്‍ക്കായി വിശ്രമമുറിയും ലോക്കര്‍ സൗകര്യങ്ങളും ലഭ്യമാക്കുന്ന തരത്തിലാണ് മാസ്റ്റര്‍ പ്ലാന്‍. മാര്‍ക്കറ്റിന് ആവശ്യമായ മാലിന്യ  സംസ്‌കരണ സംവിധാനം, ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റ്, മഴവെള്ള സംഭരണി എന്നിവയും യാഥാര്‍ഥ്യമാക്കും. 23000 ചതുരശ്രയടി  വിസ്തീര്‍ണത്തില്‍ 42 സെന്റ് സ്ഥലത്താണ്  മാര്‍ക്കറ്റ് നിര്‍മിക്കുന്നത്. തീരദേശ വികസന കോര്‍പറേഷനാണ് പദ്ധതി നടപ്പിലാക്കുക.