ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് 2364 പേര്‍

post

കോവിഡ് പ്രതിസന്ധിയിലും പരീക്ഷയ്ക്ക് ഒരുങ്ങി തുല്യതാ പഠിതാക്കള്‍

കൊല്ലം : കോവിഡ് പ്രതിസന്ധിയിലും അറിവിന്റെ അഗ്‌നി കെടാതെ കാത്ത് തുല്യതാ പഠിതാക്കള്‍. 2364 പേര്‍ ഹയര്‍ സെക്കന്ററി തുല്യതാ പരീക്ഷയ്ക്ക് ജില്ലയില്‍ തയ്യാര്‍. ജൂലൈ 26 മുതല്‍ 31 വരെയാണ് പരീക്ഷ. ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവായ 76 വയസ്സുള്ള സി. പ്രഭാകരനും, പ്രായം കുറഞ്ഞ പഠിതാവ് 20 കാരന്‍ അല്‍അമീനും പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പരീക്ഷ എഴുതുക. പ്ലസ് വണ്ണില്‍ 62 വയസ്സുള്ള സി. കൃഷ്ണമ്മയും പ്ലസ്ടു വില്‍ 68 കാരി ജെ.രാജവും മുതിര്‍ന്ന പഠിതാക്കള്‍. ബ്രൂണെയില്‍ നടന്ന അന്താരാഷ്ട്ര നടത്ത മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ തോമസുകുട്ടിയാണ് താരസാന്നിദ്ധ്യം. കോവിഡ് ബാധിതനായ അനൂപ് മോഹന്‍ പി.പി.ഇ കിറ്റ് ധരിച്ച് പ്രത്യേക സൗകര്യത്തോടെ പരീക്ഷയെഴുതും. പോസിറ്റീവായവര്‍ക്ക് അതത് സ്‌കൂളുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി.

ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എസ്.സി പ്രമോട്ടര്‍മാര്‍, കൂലിവേലക്കാര്‍, ടാപ്പിങ് തൊഴിലാളികള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, കശുവണ്ടി തൊഴിലാളികള്‍ തുടങ്ങി ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവരും പരീക്ഷയ്ക്കിരിക്കും.

ആറ് ട്രാന്‍സ്ജെന്‍ഡര്‍മാരും വിവിധ സ്‌കോളര്‍ഷിപ്പോടെ ഒന്‍പത് ഭിന്നശേഷിക്കാരും രണ്ടാംവര്‍ഷ പരീക്ഷ എഴുതുന്നു. ഉപരിപഠനം ലക്ഷ്യമാക്കിയാണ് മിക്കവരും പരീക്ഷ നേരിടുന്നത്. മുന്‍ ബാച്ചിലെ പലരും വിവിധ കോഴ്സുകളില്‍ ഉപരിപഠനം നടത്തി വരികയാണ്. എല്ലാ പഠിതാക്കള്‍ക്കും ഓണ്‍ലൈനിലൂടെ സംശയ നിവാരണത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി. കെ പ്രദീപ് കുമാര്‍ പറഞ്ഞു.

പ്രേരക്മാരായ 26 സെന്റര്‍ കോര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ മുതിര്‍ന്നവരുടെ ബോധനശാസ്ത്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നേടിയ അധ്യാപകരാണ് രണ്ടു വര്‍ഷക്കാലം നീണ്ടുനിന്ന ക്ലാസുകള്‍ നയിച്ചത്. സാക്ഷരത മിഷന്റെ ഹയര്‍ സെക്കന്‍ഡറി തുല്യതയുടെ അഞ്ചാമത്തെ ബാച്ച് പരീക്ഷയാണ് നടക്കുന്നത്. സംസ്ഥാനത്ത് 26,000 പേരാണ് 169 കേന്ദ്രങ്ങളിലായി ആകെ എഴുതുന്നത്. കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലാണ് പരീക്ഷ.

ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ എഴുതുന്നവര്‍ :

ഒന്നാം വര്‍ഷം

ആകെ- 1103, പുരുഷന്‍- 496, സ്ത്രീ- 607, എസ്. സി - 169, എസ്. ടി -4, ഭിന്നശേഷി -4

രണ്ടാം വര്‍ഷം

ആകെ: 1261, പുരുഷന്‍ - 504, സ്ത്രീ- 751, ട്രാന്‍സ്ജെന്‍ഡേഴ്സ്- 6, എസ്. സി - 174, എസ്. ടി -2, ഭിന്നശേഷിക്കാര്‍- 5, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ പദ്ധതി ദിശയിലൂടെയുള്ള പഠിതാക്കള്‍- 17.