കോവിഡ് നിയന്ത്രണം: എ, ബി കാറ്റഗറിയിലെ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍

post

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാറ്റഗറി എ, ബി, പ്രദേശങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പബ്ലിക് ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മിഷനുകള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിവയില്‍ 50 ശതമാനം വരെ ഉദ്യോഗസ്ഥരേയും കാറ്റഗറി സി പ്രദേശങ്ങളില്‍ 25 ശതമാനംവരെ ഉദ്യോഗസ്ഥരേയും ഉള്‍ക്കൊള്ളിച്ചാവും ഓഫീസ് പ്രവര്‍ത്തനമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാറ്റഗറി ഡിയില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. എ, ബി പ്രദേശങ്ങളിലെ ബാക്കിയുള്ള 50 ശതമാനം പേരും സി യില്‍ ബാക്കിയുള്ള 75 ശതമാനവും എല്ലാ മേഖലയിലുമുള്ള ഉദ്യോഗസ്ഥര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവും. അതിനുള്ള ചുമതല നല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ മുന്‍കൈയെടുക്കും. ഡി വിഭാഗത്തില്‍ അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക എന്നതിനാല്‍ ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ  ക്ലസ്റ്ററുകള്‍ ആയി കണക്കാക്കും. അതോടൊപ്പം മൈക്രോ കണ്ടയിന്‍മെന്റ്  സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ച്  സാമൂഹ്യ പ്രതിരോധ ശേഷി  അവശ്യമായ തോതില്‍ കൈവരിക്കാന്‍ കഴിഞ്ഞാല്‍ മൂന്നാം തരംഗം ഉണ്ടാവണമെന്നില്ല. കോവിഡ് നിയന്ത്രണത്തിലുള്ള പാളിച്ചകളിലൂടെയും വാക്സിന്‍ വിതരണത്തിലെ വീഴ്ചകളിലൂടെയുമാണ് മൂന്നാം തരംഗം ഉണ്ടാവുക. ഈ ഘട്ടത്തില്‍ അതിവേഗം വാക്സിനേഷന്‍ ഒരു ഡോസെങ്കിലും എല്ലാവര്‍ക്കും നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.  ഡെല്‍റ്റ വൈറസ് സാന്നിധ്യമുള്ളത് കൊണ്ട് അതിവേഗ വ്യാപന സാധ്യതയുള്ള ചെറുതും വലുതുമായ ആള്‍കൂട്ട സാഹചര്യം ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രതകാട്ടണം.

മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന വിശ്വാസത്തിന് വലിയ ശാസ്ത്രീയ അടിത്തറയില്ല. ഇതിനകം കേവലം നാലു ശതമാനം കുട്ടികളെ മാത്രമാണ് രോഗം ബാധിച്ചത്. കുട്ടികളിലെ  മരണ നിരക്കും വളരെ കുറവാണ്. എങ്കിലും  മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രം എന്ന ഗുരുതരമായ കോവിഡാനന്തര രോഗസാധ്യത കുട്ടികളില്‍ കാണുന്ന സാഹചര്യം പരിഗണിച്ച് കുട്ടികളുടെ ചികിത്സക്കാവശ്യമായ തീവ്രപരിചരണ സംവിധാനം ഒരുക്കും.

ഇതുവരെയുള്ള കണക്കനുസരിച്ച്  1,77,09,529 പേര്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. ഇതില്‍ 1,24,64,589 പേര്‍ക്ക് ഒരു ഡോസ് വാക്സിനും 52,44,940 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും ലഭിച്ചു. വാക്സിന്‍ എടുത്തവരും മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കാന്‍ മാതൃകവചം  എന്ന പേരില്‍ ആരോഗ്യ വകുപ്പ് കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നവരെ അതിനായി പ്രോത്സാഹിപ്പിക്കും. സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍ സൗകര്യങ്ങളില്ലാത്തവരെ ആശാ പ്രവര്‍ത്തകരുടെ സഹായത്തോടെ രജിസ്റ്റര്‍ ചെയ്യിച്ചാണ് വാക്സിന്‍ നല്‍കുന്നത്. സംസ്ഥാനത്ത് ഇതുവരെ നാല്പതിനായിരത്തോളം ഗര്‍ഭിണികളാണ് വാക്സിന്‍ എടുത്തത്. എന്നാല്‍ ചിലര്‍ വാക്സിനെടുക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്. ഗര്‍ഭിണികള്‍ സ്വന്തം സുരക്ഷയും കുഞ്ഞിന്റെ സുരക്ഷയും കണക്കിലെടുത്ത് വാക്സിന്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മറ്റു രോഗാവസ്ഥയുള്ളവര്‍ക്കിടയിലാണ് കോവിഡ് ഗുരുതരമാകുന്നത്. അതുകൊണ്ട്  പ്രമേഹം, രക്തസമ്മര്‍ദ്ദം, ശ്വാസകോശ രോഗങ്ങള്‍, അര്‍ബുദം പോലുള്ള  രോഗാവസ്ഥകള്‍ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. കോവിഡേതര രോഗങ്ങള്‍ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പുനരാരംഭിച്ചിട്ടുണ്ട്. മറ്റു രോഗങ്ങളുള്ളവര്‍ കോവിഡ് ബാധിതരായാല്‍ വീടുകളില്‍ കഴിയാതെ കോവിഡ് ആശുപത്രികളില്‍ ചികിത്സ തേടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.