കോവിഡ് വ്യാപനം : ജില്ലാ പോലീസ് മേധാവി ചെങ്ങറ സന്ദര്‍ശിച്ചു

post

പത്തനംതിട്ട : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയ ചെങ്ങറയിലെ  പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നു.  ചെങ്ങറ സന്ദര്‍ശിച്ച ജില്ലാ പോലീസ് മേധാവി പ്രദേശവാസികളുമായി സംസാരിച്ചു.  ജാഗ്രത പുലര്‍ത്തേണ്ടതിന്റെ അനിവാര്യത അവരെ ബോധ്യപ്പെടുത്തി. ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും ഉറപ്പും നല്‍കി.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തിര യോഗത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേഷ്മ, പഞ്ചായത്ത് പ്രസിഡന്റ് ഷീല, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രദേശവാസികള്‍ക്ക് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും ലഭ്യമാക്കാന്‍  പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ  പോലീസ് മേധാവി നിര്‍ദേശം നല്‍കി.     രോഗബാധിതരായ പതിനെട്ടോളം പേരെ അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിന്  ആശുപത്രിയിലേക്ക് മാറ്റി. പോസിറ്റീവ് ആയവരുടെ പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്ളവരെ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ എടുത്തു. ക്വാറന്റൈനില്‍ ഉള്ളവരെ നിരീക്ഷിക്കുന്നതിനും രോഗബാധിത പ്രദേശത്തുനിന്നും ആളുകള്‍ അനാവശ്യമായി പുറത്തുപോകുന്നത് തടയുന്നതിനും പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കാതിരിക്കുന്നതിനും ശക്തമായ പോലീസ് നിരീക്ഷണം ഉറപ്പുവരുത്തി. കൂടാതെ 24 മണിക്കൂറും സ്ഥലത്ത് പോലീസ് സാന്നിധ്യം ഉറപ്പാക്കിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

അഡീഷണല്‍ പോലീസ് സൂപ്രണ്ട് എന്‍. രാജന്‍, പത്തനംതിട്ട ഡിവൈഎസ്പി കെ. സജീവ്, മലയാലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. വിജയന്‍, എസ്ഐ വിപിന്‍ തുടങ്ങിയവരും ജില്ലാ പോലീസ് മേധാവിയോടൊപ്പം ഉണ്ടായിരുന്നു.