ജില്ലയില്‍ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും

post

മലപ്പുറം : ജില്ലയില്‍ അടിയന്തിരമായി കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എസ്. സുഹാസ് ഐ.എ.എസ് നിര്‍ദേശം നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിയന്ത്രണ വിധേയമാക്കുന്നതിനും ജില്ലയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസറായി ചുമതലയേറ്റെടുത്ത ശേഷം നടത്തിയ അവലോകന യോഗത്തിലാണ് നിര്‍ദേശം.

ജില്ലയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും രോഗ സ്ഥിരീകരണ നിരക്കും ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന് സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചത്. ജില്ലയിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ കോവിഡ് ചികിത്സക്കായുള്ള വെന്റിലേറ്ററുകളുടെ 94 ശതമാനവും നിലവില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നത് ഗൗരവമായാണ് കാണുന്നത്. കോവിഡ് മൂന്നാം തരംഗ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയ്ക്ക് കൂടുതല്‍ ചികില്‍സാ സൗകര്യങ്ങള്‍ ആവശ്യമായി വരും. ഇത് കൂടി പരിഗണിച്ചാണ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്.

രോഗവ്യാപനം തടയുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായി പാലിക്കണം. ജനസംഖ്യ കൂടുതലുള്ള ജില്ലയായതിനാല്‍ രോഗവ്യാപനം തടയേണ്ടത് അനിവാര്യമാണ്. തിങ്കളാഴ്ച കൂടുതല്‍ പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ഡി കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപന പരിധിയില്‍ ശക്തമായ നിയന്ത്രണങ്ങള്‍ പൊലീസ് നടപ്പാക്കും. സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരും കോവിഡ് പരിശോധനയ്ക്ക് സ്വമേധയാ തയ്യാറാവണം. രോഗവ്യാപനത്തിന്റെ തോത് മനസ്സിലാക്കാന്‍ സഹായിക്കുന്നതോടൊപ്പം യഥാസമയം ചികിത്സ ഉറപ്പാക്കാനും സഹായകമാകും. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ മുന്നോട്ട് വരണം. ജില്ലയില്‍ വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാ കലക്ടറുടെ ചുമതലയുള്ള പ്രേം കൃഷ്ണന്‍, എ.ഡി.എം ചുമതലയുള്ള എം.സി റജില്‍, ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസ്, അസിസ്റ്റന്റ് കലക്ടര്‍ സഫ്ന നസ്റുദ്ധീന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ജി.എസ് രാധേഷ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. നവ്യ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ഡി.ഡി.പി ഓഫീസ് സീനിയര്‍ സൂപ്രണ്ട് സദാനന്ദന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.