സ്ത്രീസുരക്ഷയ്ക്കായി 'കനല്‍': മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

post

തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിക്കുന്ന 'കനല്‍' സ്ത്രീ സുരക്ഷയ്ക്കായുള്ള കര്‍മ്മ പരിപാടിയുടെ ഉദ്ഘാടനം ജൂലൈ 23ന് വൈകുന്നരം 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കനല്‍ ലോഗോ, 181 പോസ്റ്റര്‍, വിവിധതരം അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ സംബന്ധിച്ച കൈപുസ്തകം എന്നിവ മുഖ്യമന്ത്രി  പ്രകാശനം ചെയ്യും. ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും അനീതിയും ഉന്‍മൂലനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനായാണ് വനിത ശിശുവികസന വകുപ്പ് കനല്‍ എന്ന പേരില്‍ കര്‍മപരിപാടി നടപ്പാക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കായി നിലവിലുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക, ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം നേരിടുന്ന സ്ത്രീകളെ അവ ചെറുക്കുന്നതിനായി ശാക്തീകരിക്കുക, സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, കലാലയങ്ങള്‍ കേന്ദ്രീകരിച്ച് ജെന്‍ഡര്‍ അവബോധ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയാണ് കര്‍മപരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.