കോവിഡ്: വാര്‍ഡ് തല ജാഗ്രതാ സമിതി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ദുരന്തനിവാരണ അതോറിറ്റി

post

എറണാകുളം: ജില്ലയില്‍ റ്റി.പി.ആര്‍ ഉയര്‍ന്ന് നില്‍ക്കുന്ന വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ ചെയര്‍മാനും  ജില്ലാ കളക്ടറുമായ ജാഫര്‍ മാലിക് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. വാര്‍ഡ് തല ജാഗ്രത സമിതി ദിവസവും യോഗം ചേര്‍ന്ന് പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും യോഗം നിര്‍ദേശിച്ചു. കോവിഡ് രോഗബാധിതര്‍, രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍, വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ എന്നിവരെ ജാഗ്രതാ സമിതികള്‍ നിരീക്ഷിക്കണം. ജാഗ്രതാ സമിതികള്‍ എല്ലാ ദിവസവും പ്രദേശത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ അത് ലംഘിച്ചാല്‍ ആശുപത്രിയിലേക്ക് മാറ്റണം. രോഗികള്‍ കൂടുതലുള്ള വാര്‍ഡുകളില്‍ ശക്തമായ ജാഗ്രത പുലര്‍ത്തണം. വിമാനത്താവളങ്ങള്‍, റെയില്‍വേസ്റ്റേഷന്‍ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും. രോഗ പരിശോധന സൗകര്യവും ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തും.

പൊതുപരിപാടികള്‍, വ്യാപര സ്ഥാപനങ്ങള്‍ തുടങ്ങിയ ഉള്‍പ്പെടെ ആളുകള്‍ കൂടുന്നിടങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ മൈക്ക് അനൗണ്‍സ് മെന്റ് നടത്തണം. ഇത്തരം ഇടങ്ങളില്‍ പോലീസിന്റേത് ഉള്‍പ്പെടെ നീരീക്ഷണം ഏര്‍പ്പെടുത്തും. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം ശക്തിപ്പെടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കി. ലോക്ഡൗണില്‍ ഇളവ് നല്‍കിയ ദിവസങ്ങളില്‍ ആളുകള്‍ കൂട്ടംകൂടിയ വ്യാപര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും അംഗങ്ങളും കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ ഇവരുടെ പിന്തുണ ഉറപ്പാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.