നിരത്തുകള്‍ സുരക്ഷിതമാക്കാന്‍ ആക്ഷന്‍ പ്ലാന്‍

post

സേഫ് കേരള എന്‍ഫോഴ്‌സ്‌മെന്റ്

കൊല്ലം : സംസ്ഥാനത്തെ നിരത്തുകള്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോര്‍ വാഹനവകുപ്പ് രൂപം നല്‍കിയ സേഫ് കേരള എന്‍ഫോഴ്‌സ്‌മെന്റ് പ്രോജക്ടിനെ  ശക്തിപ്പെടുത്താന്‍ ജില്ലാ തലത്തില്‍ ആക്ഷന്‍ പ്ലാനുകള്‍ക്ക് രൂപം നല്‍കിയതായി കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ എ.കെ.ദിജു അറിയിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍, മുന്‍ ഗതാഗത വകുപ്പ് മന്ത്രിയും എം.എല്‍.എയുമായ കെ. ബി. ഗണേഷ് കുമാര്‍, ജില്ലയിലെ മറ്റ് എം. എല്‍.എമാര്‍,  ജില്ലാ ജഡ്ജ് തുടങ്ങിയവര്‍ക്ക് ആക്ഷന്‍ പ്ലാന്‍ കൈമാറി.

വാഹനപരിശോധനക്ക് ഉപരിയായി മറ്റ് വകുപ്പുകളുടേയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ 'സസ്‌റ്റൈനബിള്‍ മൊബിലിറ്റി' എങ്ങനെ നടപ്പിലാക്കാം എന്ന് ആക്ഷന്‍ പ്ലാന്‍ ചര്‍ച്ച ചെയ്യുന്നു. ശാസ്ത്രീയ ഗവേഷണ രീതിയിലൂടെ സാങ്കേതിക വിദ്യയുടെ സാധ്യത ഉപയോഗിച്ച് അപകടങ്ങളിലും പരിക്കേല്‍ക്കുന്നവരുടേയും മരണപ്പെടുന്നവരുടേയും എണ്ണത്തിലും 25 ശതമാനം കുറവ് ഉറപ്പാക്കുകയാണ് ആക്ഷന്‍ പ്ലാനിലൂടെ സേഫ് കേരള എന്‍ഫോഴ്‌സ്‌മെന്റ് ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലെയും റോഡുകള്‍, സ്ഥിരം അപകട മേഖലകള്‍, ജനസാന്ദ്രത, വാഹനസാന്ദ്രത, റോഡ് സംസ്‌കാരം, അപകടങ്ങളുടെ സമയം, രീതി, എന്നിവ ശാസ്ത്രീയമായി അപഗ്രഥിച്ചാണ് പ്ലാന്‍ തയ്യാറാക്കിയത്.