ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക ലക്ഷ്യം : മുഖ്യമന്ത്രി

post

 'എഡ്ജ് 2020' സ്‌പേസ് ടെക്‌നോളജി ദ്വിദിന കോണ്‍ക്ലേവിന് തുടക്കമായി

തിരുവനന്തപുരം: ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും സംസ്ഥാന സര്‍ക്കാരിന്റെ സ്‌പേസ് പാര്‍ക്കിലൂടെ ഇത് സാധ്യമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.  സ്‌പേസ് പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ കോവളത്ത് നടക്കുന്ന 'എഡ്ജ് 2020' സ്‌പേസ് ടെക്‌നോളജി ദ്വിദിന അന്താരാഷ്ട്ര കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹിരാകാശ സാങ്കേതികരംഗത്ത് കേരളത്തില്‍ ഒട്ടേറെ അവസരങ്ങളുണ്ട്. ഐ.എസ്.ആര്‍.ഒ, രാജ്യത്തെ ഏക ബഹിരാകാശ സര്‍വകലാശാലയായ ഐ.ഐ.എസ്.ടി, എല്‍.പി.എസ്,സി, ഐ.എസ്.ആര്‍.ഒ തുടങ്ങിയവയുടെ സാന്നിധ്യം തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് യാഥാര്‍ഥ്യമാകുന്ന രാജ്യത്തെ ഏക സ്‌പേസ് പാര്‍ക്കിന്റെ സാധ്യതകള്‍ ഉയര്‍ത്തും. ബഹിരാകാശ സാങ്കേതികതയിലെ പുതുകമ്പനികള്‍ക്ക് അതുകൊണ്ടുതന്നെ നിരവധി സാധ്യതകളുണ്ട്.

സ്‌പേസ് പാര്‍ക്കില്‍ ഭൗതിക അടിസ്ഥാനസൗകര്യങ്ങള്‍, മെന്റര്‍ നെറ്റ്‌വര്‍ക്ക്, ദേശീയ-അന്തര്‍ദേശീയ സഹകരണം തുടങ്ങിയവ ഒരുക്കി തലസ്ഥാനത്തെ രാജ്യത്തിന്റെ ബഹിരാകാശനഗരമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതിക മുന്നേറ്റങ്ങള്‍ ഗുണപരമായി നിരവധി മേഖലകളില്‍ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സാമൂഹ്യമുന്നേറ്റത്തിനുതകുന്ന നൂതന ശാസ്ത്രഗവേഷണ ഉത്പന്നങ്ങള്‍ നിലില്‍ സര്‍ക്കാര്‍ 'കെഡിസ്‌ക്' വഴി നടപ്പാക്കുന്ന 20 ഓളം വന്‍കിട പദ്ധതികളിലൂടെ യാഥാര്‍ഥ്യമാക്കുകയാണ്. ആദ്യ സൂപ്പര്‍ ഫാബ് ലാബും എറണാകുളത്ത് ആരംഭിച്ചു. കെഫോണ്‍ പദ്ധതിയിലൂടെ അതിവേഗ ഇന്റര്‍നെറ്റും ഇ-ഗവേണന്‍സ് വ്യാപനവും നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

ചടങ്ങില്‍ കേന്ദ്ര പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ ഓഫീസിലെ സയന്റിഫിക് സെക്രട്ടറി ഡോ: അരബിന്ദോ മിത്ര മുഖ്യപ്രഭാഷണം നടത്തി. ഫ്രഞ്ച് കോണ്‍സുല്‍ ജനറല്‍ കാതറിന്‍ സുവാര്‍ഡ്, ബ്രിട്ടീഷ് ഹൈക്കമ്മിഷനിലെ സയന്‍സ് ആന്റ് ഇന്നവേഷന്‍ മേധാവി സാറാ ഫാലന്‍, യു.എ.ഇ കോണ്‍സുലേറ്റ് പ്രതിനിധി റാഷിദ് ഖമീസ് അല്‍ ഷമേലി, വി.എസ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടര്‍ റോയ് എം. ചെറിയാന്‍, ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, സ്‌പേസ് പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ സന്തോഷ് കുറുപ്പ് എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമായി (സി.ഐ.ഐ) സ്‌പേസ് പാര്‍ക്ക് ധാരണാപത്രം കൈമാറി.

അന്താരാഷ്ട്രതലത്തിലെ രണ്ടു പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളായ കൊളറാഡോയിലെ ലബോറട്ടറി ഫോര്‍ അത്മോസ്‌ഫെറിക് ആന്റ് സ്‌പേസ് ഫിസിക്‌സുമായും (ലാസ്പ്), ആസ്ട്രിയയിലെ സ്‌പേസ് ജനറേഷന്‍ അഡൈ്വസറി കൗണ്‍സിലുമായും  (എസ്.ജി.എ.സി) സ്‌പേസ് പാര്‍ക്ക് ധാരണാപത്രം ഇന്ന് (ഫെബ്രുവരി ഒന്ന്) ഒപ്പിടും.

അന്താരാഷ്ട്ര തലത്തിന്റെ ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കമ്പനികളെയും ഏജന്‍സികളെയും സ്റ്റാര്‍ട്ടപ്പുകളെയും വിദഗ്ധരെയും ഒരുവേദിയിലെത്തിക്കാനും സംവദിക്കാനും ഗേവഷണ, സഹകരണസാധ്യതകള്‍ തുറക്കാനുമാണ് സ്‌പേസ് ടെക്‌നോളജി കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. 'നവ ബഹിരാകാശം അവസരങ്ങളും മുന്നോട്ടുള്ള വഴിയും' എന്നതാണ് ഈ വര്‍ഷത്തെ വിഷയം. 

ഐ.എസ്.ആര്‍.ഒ, ഓര്‍ബിറ്റല്‍ മൈക്രോ സിസ്റ്റംസ്, എയര്‍ബസ്, സാറ്റ്‌സെര്‍ച്ച്, ലാസ്പ്, സ്‌പേസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങി വിവിധ സ്ഥാപനങ്ങളും ഏജന്‍സികളും കോണ്‍ക്ലേവില്‍ പങ്കാളികളാകുകയും സഹകരിക്കുകയും ചെയ്യുന്നുണ്ട്.