എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കൂടി കടമ :മന്ത്രി പി പ്രസാദ്

post

ആലപ്പുഴ: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ കാലഘട്ടത്തില്‍ എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ അദ്ധ്യായനത്തിനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കൂടി കടമയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് പഠനസൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി പട്ടണക്കാട് കോനാട്ടുശ്ശേരി ഗവണ്‍മെന്റ്എല്‍.പി. സ്‌കൂളിലെ  വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് സാഹചര്യത്തില്‍ നടപ്പാക്കിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഒന്നാംഘട്ടത്തില്‍ വിക്ടെര്‍സ് ചാനല്‍ വഴി കുട്ടികള്‍ക്ക് ക്ലാസ്സ് എടുത്തിരുന്നു. എന്നാല്‍ അദ്ധ്യാപകര്‍ക്ക് കുട്ടികളുമായി കൂടുതല്‍ ഇടപഴകാന്‍ ഓരോ കുട്ടിയേയും കാര്യങ്ങള്‍ മനസ്സിലാക്കി പഠിപ്പിക്കുവാന്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് കൂടുതല്‍ നല്ലത്. അതിനാല്‍ കൂടുതല്‍ കുട്ടികളെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പാതയില്‍ എത്തിക്കുവാനുള്ള നടപടികള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളിലെ 11 കുട്ടികള്‍ക്കാണ് മൊബൈല്‍ ഫോണുകള്‍ നല്‍കിയത്.  സ്‌കൂളിലെ അധ്യാപകര്‍, പ്രദേശവാസികള്‍, വിവിധ സംഘടനകള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരുടെ ശ്രമഫലമായാണ് മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കിയത്.

സ്‌കൂളിന്റെ നേതൃത്വത്തില്‍ നടത്തുന്ന കാരുണ്യ നിധി പദ്ധതിയുടെ ഉദ്ഘാടനം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ പ്രതാപന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സജിമോള്‍ ഫ്രാന്‍സിസ്, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത ദിലീപ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ താഹിറ ബീവി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.