സറണ്ടര്‍ ചെയ്തത് 1,15,858 അനര്‍ഹ മുന്‍ഗണനാ കാര്‍ഡുകള്‍

post

തിരുവനന്തപുരം : മുന്‍ഗണനാപട്ടികയുടെ ശുദ്ധീകരണത്തിന്റെ ഭാഗമായി സ്വമേധയാ അനര്‍ഹ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ തിരികെ നല്‍കാന്‍ അവസരമൊരുക്കിയപ്പോള്‍ സറണ്ടര്‍ ചെയ്തത് 1,15,858 കാര്‍ഡുകള്‍. തിരികെനല്‍കിയതില്‍ എ.എ.വൈ വിഭാഗത്തില്‍ 9284 ഉം, പി.എച്ച്.എച്ച് വിഭാഗത്തില്‍ 61612 ഉം എന്‍.പി.എസ് വിഭാഗത്തില്‍ 44962 ഉം കാര്‍ഡുകള്‍ ഉള്‍പ്പെടുന്നതായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എറ്റവും കൂടുതല്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്- 25,021 എണ്ണം. രണ്ടാമത് പാലക്കാട് (13,038) ജില്ലയാണ്. എറണാകുളത്തും കോഴിക്കോട്ടും 10,000ന് മുകളില്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തിട്ടുണ്ട്.

അനര്‍ഹര്‍ മാറിയ ഒഴിവില്‍ അര്‍ഹരെ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. 1,54,80,000 ആണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള മുന്‍ഗണനാ ഗുണഭോക്താക്കളുടെ ക്വാട്ട. ഇത് വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വെച്ചിരുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ സ്വമേധയാ സറണ്ടര്‍ ചെയ്യാനുള്ള അവസരമാണ് ജൂലൈ 15 വരെ നല്‍കിയിരുന്നത്. ഇതിനുശേഷവും അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.