കൊറോണ വൈറസ് ആശങ്ക വേണ്ട : മുന്‍കരുതല്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി

post

തൃശൂര്‍: കൊറോണ വൈറസ് സംസ്ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലടക്കം സംസ്ഥാനമൊട്ടാകെ എല്ലാ മുന്‍കരുതലുകളും ശക്തമാക്കിയതായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ. വൈറസ് ബാധിത മേഖലയിലുള്ളവര്‍ പൊതു പരിപാടികളില്‍ പങ്കെടുക്കരുതെന്നും അത്തരക്കാര്‍ പങ്കെടുക്കേണ്ട ചടങ്ങുകള്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. 

തൃശൂര്‍ കലക്ടറേറ്റില്‍ സ്വകാര്യ ആശുപത്രികളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും യോഗം ചേര്‍ന്നു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.  

ആശുപത്രികളും ആരോഗ്യ പ്രവര്‍ത്തകരും കിട്ടുന്ന വിവരങ്ങള്‍ അതത് സമയത്തുതന്നെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തേടണം.

സ്വകാര്യ മേഖലയെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികള്‍ക്ക് പ്രത്യേക ചാര്‍ജ്ജ് നല്‍കി രോഗം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ ധാരണയായി.