എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനം വിജയം

post

തിരുവനന്തപുരം: 2021 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി/റ്റി.എച്ച്.എസ്.എല്‍.സി പരീക്ഷാഫലം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ഇത്തവണ 99.47 ശതമാനമാണ് എസ്.എസ്.എല്‍.സി വിജയശതമാനം. കഴിഞ്ഞവര്‍ഷമിത് 98.82 ശതമാനമായിരുന്നു.

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 1,21,318 പേരാണ്. കഴിഞ്ഞവര്‍ഷം ഇത് 41,906 പേരായിരുന്നത് ഇത്തവണ 79,412 പേരുടെ വര്‍ധനയുണ്ടായിട്ടുണ്ട്. ഇത്തവണ 4,21,887 പേര്‍ പരീക്ഷ എഴുതിയതില്‍ 4,19,651 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.

വിജയശതമാനം എറ്റവും കൂടുതലുള്ള റവന്യൂ ജില്ല കണ്ണൂരാണ്- 99.85. വിജയശതമാനം കുറഞ്ഞ റവന്യൂജില്ല വയനാടാണ്- 98.13.

വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ്- 99.97. വിജയശതമാനം കുറവുള്ള വിദ്യാഭ്യാസജില്ലയും വയനാടാണ്- 98.13.

എറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ് (7838).

ഗള്‍ഫില്‍ ആകെ ഒന്‍പതു വിദ്യാലയങ്ങളിലായി 573 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 556 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി (97.03 ശതമാനം). ലക്ഷദ്വീപ് സെന്ററില്‍ ഒന്‍പതു വിദ്യാലയങ്ങളിലായി 627 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 607 പേര്‍ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി. (96.81 ശതമാനം വിജയം).

എറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയ സെന്റര്‍ മലപ്പുറം എടരിക്കോട്ടെ പി.കെ.എം.എച്ച്.എസ്.എസ് ആണ്. (2076 പേര്‍). പത്തനംതിട്ട നിരണം വെസ്റ്റ് കിഴക്കുംഭാഗം സെന്റ് തോമസ് എച്ച്.എസ്.എസിലാണ് ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷക്കിരുന്നത്- ഒരാള്‍.

റ്റി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 48 സ്‌കൂളുകളിലായി 2889 പേര്‍ പരീക്ഷക്കിരുന്നതില്‍ 2881 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹരായി. വിജയശതമാനം 99.72 ആണ്. 704 കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു.

എസ്.എസ്.എല്‍.സി പ്രൈവറ്റ് വിദ്യാര്‍ഥികള്‍ (പുതിയ സ്‌കീം) പരീക്ഷ എഴുതിയ 645 പേരില്‍ 537 പേര്‍ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി. 83.26 ശതമാനം വിജയം. എസ്.എസ്.എല്‍.സി പ്രൈവറ്റ് വിദ്യാര്‍ഥികള്‍ (പഴയ സ്‌കീം) പരീക്ഷ എഴുതിയ 346 പേരില്‍ 270 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി. 78.03 ശതമാനം വിജയം.

എസ്.എസ്.എല്‍.സി (എച്ച്.ഐ) പരീക്ഷയില്‍ 29 സ്‌കൂളുകളിലായി 256 പേര്‍ പരീക്ഷ എഴുതിയതില്‍ എല്ലാവരും വിജയിച്ചു.

റ്റി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) പരീക്ഷ എഴുതിയ 17 പേരും വിജയിച്ചു.

ചെറുതുരുത്തി കേരള കലാമണ്ഡലം ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എ.എച്ച്.എസ്.എല്‍.സി പരീക്ഷ എഴുതിയ 68 പേരും വിജയിച്ചു.

എല്ലാ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടിയത് 2214 സ്‌കൂളുകളാണ്. കഴിഞ്ഞ വര്‍ഷമിത് 1837 ആയിരുന്നു.

ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോക്കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ജൂലൈ 17 മുതല്‍ 23 വരെ ഓണ്‍ലൈനായി നല്‍കാം. ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റഗുലര്‍ വിദ്യാര്‍ഥികള്‍ക്കുള്ള 'സേ' പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കും.