പത്താംതരം കടക്കാന്‍ കുട്ടികളൊരുങ്ങി

post

വയനാട് : പോലീസിന്റെ ഹോപ്പ് പദ്ധതിയിലൂടെ ജില്ലയില്‍ പത്താംതരം പരീക്ഷ എഴുതാന്‍  117  വിദ്യാര്‍ത്ഥികള്‍ തയ്യാറെടുക്കുന്നു.  ഇവര്‍ക്കായി പരീക്ഷ മാര്‍ഗ നിര്‍ദേശ സെമിനാറും ഫിറ്റ് ഇന്ത്യ ക്യാമ്പയിനും കളക്ട്രറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.   ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ  ഉദ്ഘാടനം ചെയ്തു. ദാരിദ്ര ലഘൂകരണ യൂണിറ്റ് പ്രൊജക്റ്റ് ഡയറക്ടര്‍ പി.സി മജീദ് വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും പരീക്ഷ മാര്‍ഗ നിര്‍ദേശ ക്ലാസ്സ് എടുത്തു. നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച 14 നും 18 നും ഇടയില്‍ പ്രായമുളള കുട്ടികളെ  കണ്ടെത്തി തുടര്‍പഠനം സാധ്യമാക്കുകയെന്നതാണ് ഹോപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികളെ പഠനകാര്യങ്ങളില്‍ സഹായിക്കുന്നത് ജില്ലയിലെ മികച്ച ആധ്യാപക സംഘമാണ്. ഇവര്‍ക്ക് പഠനത്തോടൊപ്പം മാനസികാരോഗ്യവും ആത്മവിശ്വാസവും വളര്‍ത്തുന്നതിനുളള ക്ലാസുകളും നല്‍കുന്നുണ്ട്.

ഫിറ്റ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ശാരീരിക ക്ഷമതയ്ക്ക്  പ്രധാന്യം നല്‍കി വാക്കത്തോണും സംഘടിപ്പിച്ചു. ഡി.വൈ.എസ്.പി കല്‍പ്പറ്റ പി.ടി ജേക്കബ്,ഹോപ്പ് പ്രൊജക്റ്റ് നോഡല്‍ ഓഫീസര്‍ വി.രജികുമാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ വി.വി ഷാജന്‍, നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ആര്‍.എസ് ഹരി, തുടങ്ങിയവര്‍ പങ്കെടുത്തു.