18 വയസ്സിനു മുകളിലുള്ള 43 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കി: മുഖ്യമന്ത്രി

post

തിരുവനന്തപുരം: 18 വയസ്സിനു മുകളില്‍ ഉള്ള 43 ശതമാനം ആളുകള്‍ക്ക് സംസ്ഥാനത്ത് ഇതിനകം ഒരു ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 12 ശതമാനം ആളുകള്‍ക്കു രണ്ടാമത്തെ ഡോസ് വാക്‌സിനും നല്‍കി. ഏറ്റവും വേഗത്തില്‍ വാക്‌സിനേഷന്‍ ചെയ്യുന്ന സംസ്ഥാനമാണ് കേരളം.

കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന മുറക്ക് ഒട്ടും പാഴാക്കാതെ വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ നാം  മുന്‍പന്തിയിലാണ്.  ഇക്കാര്യത്തില്‍ കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടുമുണ്ട്. ഇപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ വഴിയും വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്.  കോവിഷീല്‍ഡ്, കോവാക്‌സിന്‍ വാക്‌സിനുകള്‍ക്ക് പുറമേ റഷ്യയുടെ സ്പുട്ട്‌നിക്ക് വാക്‌സിനും ചില ആശുപത്രികള്‍ നല്‍കിവരുന്നു. അധികം വൈകാതെ ഇന്ത്യന്‍ അമേരിക്കന്‍ കമ്പനികളുടെ മറ്റ് വാക്‌സിനുകളും ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

18 വയസ്സിന് മുകളില്‍ 70 ശതമാനമെങ്കിലും വാക്‌സിന്‍ നല്‍കിയാലേ ഹേര്‍ഡ് ഇമ്യൂണിറ്റി  കരസ്ഥമാക്കാനാകൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. വാക്‌സിനേഷന്‍  എടുക്കാതെ രോഗം വന്ന് മാറിയവരുടെ കണക്ക് കുടി എടുത്താല്‍ 60 ശതമാനം പേരെങ്കിലും ഇപ്പോള്‍ ഹേഡ് ഇമ്യൂണിറ്റി    കൈവരിച്ച് കാണും.  15 ശതമാനം പേര്‍ക്ക് കൂടി വാക്‌സിനേഷന്‍ എത്രയും പെട്ടെന്ന് നല്‍കാനുള്ള നടപടി എടുക്കും.

എല്ലാവര്‍ക്കും രോഗം വന്ന് സാമൂഹിക പ്രതിരോധ ശേഷി ആര്‍ജിക്കുക എന്നതല്ല, മറിച്ചു വാക്‌സിന്‍ ലഭ്യമാകുന്നത് വരെ  രോഗം പരമാവധി ആളുകള്‍ക്ക് വരാതെ നോക്കി മരണങ്ങള്‍ കഴിയുന്നത്ര തടയുക എന്ന നയമാണ് നാം പിന്തുടര്‍ന്നത്.

നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ് ഓണ്‍ ഇമ്മ്യൂണൈസേഷന്റെ ശുപാര്‍ശ പ്രകാരം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ എടുക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഗര്‍ഭ കാലത്ത് കോവിഡ് രോഗബാധയുണ്ടായാല്‍ കുഞ്ഞിനു പൂര്‍ണവളര്‍ച്ചയെത്തുന്നതിനു മുന്‍പ് തന്നെ പ്രസവം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതല്‍ ആണെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ നല്‍കുന്ന സൂചന. അതിനു പുറമേ ഗര്‍ഭിണികള്‍ കോവിഡ് ബാധിതരായാല്‍ ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ നല്‍കേണ്ടതിനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട്, വാക്‌സിന്‍ സ്വീകരിക്കാനുള്ള അനുമതി ലഭിച്ച പുതിയ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍  വാക്‌സിന്‍ എടുക്കുന്നതിന്  തയ്യാറാകണം. വാക്‌സിന്‍ നല്‍കുന്നതിനുള്ള മാര്‍ഗരേഖ ഉടനെ പ്രസിദ്ധപ്പെടുത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 43 ശതമാനം പേര്‍ക്കാണ് (1,14,54,325) (കഴിഞ്ഞദിവസത്തെ കണക്ക്) ആദ്യഡോസ് വാക്‌സിന്‍ നല്‍കിയത്. 16.49 ശതമാനം പേര്‍ക്ക് (39,58,115) രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,54,12,440 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്‌സിനേഷന്‍ രജിസ്‌ട്രേഷനായി 'വേവ്' (വാക്‌സിന്‍ സമത്വത്തിനായി മുന്നേറാം) എന്ന പേരില്‍  ക്യാമ്പയിന്‍ ആരംഭിച്ചു. ജൂലൈ 31നകം ഇത്തരക്കാരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവരെ വാക്‌സിനേഷന്റെ ഭാഗമാക്കി മാറ്റാനാണ് ഈ പദ്ധതി. ആശാവര്‍ക്കര്‍മാരുടെ സേവനം ഉപയോഗിച്ചാണ് ക്യാമ്പയിന്‍. വാര്‍ഡ് തലത്തിലായിരിക്കും രജിസ്‌ട്രേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.