ജലജീവന്‍ മിഷന്‍ പദ്ധതി വേഗത്തിലാക്കും; മന്ത്രി എ.കെ.ശശീന്ദ്രന്‍

post

കോഴിക്കോട്: എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതി വേഗത്തിലാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.  മന്ത്രിയുടെ അധ്യക്ഷതയില്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.

ഗ്രാമീണ മേഖലയില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ഗ്രാമ പഞ്ചായത്തുകളുടെയും സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ജലജീവന്‍ മിഷന്‍.

റോഡ് പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്ന സ്ഥലങ്ങളില്‍ ജലജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കാനുണ്ടെങ്കില്‍ പൊതുമരാമത്ത് വകുപ്പുമായി ചര്‍ച്ച ചെയ്ത് അവ റോഡ് പണി പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ നടപ്പിലാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.  

 എലത്തൂര്‍ നിയോജക മണ്ഡലത്തിലെ ചേളന്നൂര്‍, കക്കോടി, കാക്കൂര്‍, കുരുവട്ടൂര്‍, തലക്കുളത്തൂര്‍, നന്മണ്ട പഞ്ചായത്തുകളില്‍ ജല ജീവന്‍ പദ്ധതിയിലുള്‍പ്പെടുത്തി ജൈക്ക പദ്ധതിയില്‍ പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികളും മുഴുവന്‍ വീടുകളിലും മീറ്റര്‍ വെച്ചുള്ള ടാപ്പ് കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രവൃത്തികളും ടെന്‍ഡര്‍ ചെയ്തു നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.