ഇന്ത്യയിലെ ഏറ്റവും വലിയ മാന്ദ്യവിരുദ്ധ പാക്കേജാണ് കേരളത്തില്‍ നടപ്പാക്കുന്നത്: ധനമന്ത്രി തോമസ് ഐസക്

post

കാസര്‍ഗോഡ് : സാമ്പത്തിക മാന്ദ്യം രാജ്യത്ത് തുടര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മാന്ദ്യവിരുദ്ധ പാക്കേജാണ് കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. രാജ്യത്തെ സംസ്ഥാന സര്‍ക്കാരുകളുടെ ധനകാര്യസ്ഥാപനങ്ങില്‍ ബിബി റേറ്റിങ്ങുള്ള ഏക സ്ഥാപനമായ കിഫ്ബിയിലൂടെ വിവിധ വികസന പദ്ധതികള്‍ക്കായി സമാഹരിക്കുന്ന അമ്പതിനായിരം കോടി രൂപയും അതിന്റെ പലിശയും പതിനഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് സംഘടിപ്പിച്ച  അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പ്രദര്‍ശനമായ കേരളനിര്‍മിതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. ദ്രുതഗതിയിലുള്ള വികസനം ബഡ്ജറ്റില്‍ നിന്നും കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ പുറത്ത് നിന്നുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ആവശ്യമുള്ള വിഭവങ്ങള്‍ കണ്ടെത്തി പശ്ചാത്തല സൗകര്യം വികസിപ്പിക്കേണ്ടതുണ്ട്. സാധാരണ ബജറ്റില്‍ 7000 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്‌കരിക്കാറുള്ളത്. അതേ സമയം കിഫ്ബിയില്‍ അടുത്ത വര്‍ഷം 20,000 കോടി രൂപയുടെ വികസന പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കാന്‍ പോകുന്നത്.2010 ലെ സംസ്ഥാന സര്‍ക്കാര്‍ 5000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ റിസര്‍വ് ബാങ്കിന്റെവാര്‍ഷിക റിപ്പോര്‍ട്ടില്‍ സംസ്ഥാന ധനകാര്യത്തെ കുറിച്ചുള്ള  പ്രത്യേക പരാമര്‍ശം നടത്തിയിരുന്നു. ഇന്ന് 50,000 കോടിയുടെ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് രാജ്യത്തെ പുതിയ മാതൃകയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മലബാറിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ പഴങ്കഥയാവും

തെക്കന്‍ കേരളത്തിനെ അപേക്ഷിച്ച് മലബാറിലുള്ള സ്ഥലസൗകര്യം പ്രയോജനപ്പെടുത്തുന്നത് വികസനത്തിന് അത്യന്താപേക്ഷികമാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ 5000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് വ്യവസായ പാര്‍ക്ക് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ഇത് യാഥാര്‍ത്ഥ്യമാവുന്നതോടെ മലബാറിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ എന്നുള്ളത് പഴങ്കഥയാവും. അഴീക്കല്‍ പോര്‍ട്ട്, കണ്ണൂര്‍ എയര്‍പോര്‍ട്ട് എന്നിവയോടൊപ്പം ഹൈസ്പീഡ് റെയില്‍വേയും, ജലഗതാഗതം, വൈദ്യുതി ട്രാന്‍സ്ഗ്രിഡ് തുടങ്ങിയവ മേഖലയുടെ മുഖച്ഛായ മാറ്റും.440 കെവി വൈദ്യുതി പ്രസരണമുള്ള ട്രാന്‍സ് ഗ്രിഡ് വരുന്നതോടെ മേഖലയിലെ വോള്‍ട്ടേജ് ക്ഷാമം, പവര്‍കട്ട് എന്നെന്നേക്കുമായി പരിഹരിക്കുന്നതോടെ വ്യാവസായ പാര്‍ക്കിനും സഹായകമാവും. കിഫ്ബി നിക്ഷേപം സമാഹരിക്കുന്നത് ഒരു പ്രദേശത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യം വെച്ചാണ്. ഒരു മസാലബോണ്ട് പോലെ ബോണ്ട് വെക്കാനും വിദേശമാര്‍ക്കറ്റുകളില്‍ നിന്നും വായ്പയെടുക്കാന്‍ കഴിവും പ്രാപ്തിയുമുള്ള സ്ഥാപനമായി കിഫ്ബി മാറിയിട്ടുണ്ട്. പാലക്കാട്‌കൊച്ചി ഇടനാഴിയും മലബാറില്‍ വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള പ്രദേശങ്ങളായിരിക്കും കേരളത്തിന്റെ വ്യവസായ വികസനം കേന്ദ്രീകരിക്കുകയെന്ന് മന്ത്രി പറഞ്ഞു. 

മലബാറിന്റെ ടൂറിസം വികസനത്തിന് പ്രത്യേക പരിഗണന

കിഫ്ബിയിലൂടെ മലബാറിന്റെ ടൂറിസം വികസനത്തിന് പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.മേഖലയുടെ സാംസ്‌കാരിക പൈതൃകം ബന്ധപ്പെടുത്തിയായിരിക്കും ടൂറിസ വികസന പദ്ധതികള്‍ നടപ്പിലാക്കുക. ടി എസ് തിരുമുമ്പ് സാംസ്‌കാരിക സമുച്ചയം അന്തര്‍ദേശീയ നിലവാരത്തിലായിരിക്കും ആവിഷ്‌കരിക്കുക. കോട്ടകളടക്കമുള്ള ഭൗതിക ആകര്‍ഷണങ്ങളോടൊപ്പം പ്രാചീനതയുടെ ഗോത്രവര്‍ഗ സംസ്‌കൃതിയും ലോകത്തിന് പരിചയപ്പെടുത്തുന്ന തരത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യും. കിഫ്ബി മലബാറിന്റെ വികസനത്തിന് വലിയ കുതിച്ചു ചാട്ടം സമ്മാനിക്കും. 20 വര്‍ഷം വരെയുള്ള കേരളത്തെ മുന്നില്‍ കണ്ടായിരിക്കും അയ്യായിരം ഏക്കര്‍ ഭൂമി ഏറ്റെടുത്ത് പുതിയ വികസന പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

കെല്‍ഭെല്ലിന് ബഡ്ജറ്റില്‍ ഫണ്ട് വകയിരുത്തും

ഭെല്ലിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ബജറ്റില്‍ ഫണ്ട് വകയിരുത്തുമെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് മെഡിക്കല്‍ കോളേജ് നിര്‍മാണം കിഫ്ബിയില്‍ ഉള്‍പ്പെടുത്തും.. ടി എസ് തിരുമുമ്പ് സാംസ്‌കാരികകേന്ദ്രം  കള്‍ച്ചറല്‍ കോംപ്ലക്‌സ് അടുത്ത വര്‍ഷത്തോടെ പൂര്‍ത്തീയാവും. കിഫ്ബിയിലൂടെ വിവിധ പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കും. പദ്ധതികള്‍ക്ക് ജനകീയ മേല്‍നോട്ടവും മാധ്യമങ്ങളുടെ ഇടപെടലും വരുന്നതോടെ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാവാന്‍ സഹായിക്കുന്നെന്നും മന്ത്രി പറഞ്ഞു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന കരാറുകാര്‍ ഈയിടെയായി ഉയര്‍ത്തിയിരുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടാവും.

കിഫ്ബി ബഡ്ജറ്റിന് പകരമല്ല, പൂരകമാണ്

ബഡ്ജറ്റിന്റെ പരിമിതികള്‍ പരിഹരിക്കാനാണ് കിഫ്ബി രൂപീകരിച്ചതെന്നും പകരമായല്ല പൂരകമായാണ് കിഫ്ബി നിലനില്‍ക്കുന്നതെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്ത വലിയ പദ്ധതികളടക്കമാണ് കിഫ്ബിയിലൂടെ സാധ്യമാക്കുന്നത്. സംസ്ഥാനത്തിന് ന്യായമായി ലഭിക്കേണ്ടിയിരുന്ന ഫണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറക്കുന്ന പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനത്തെ ഇത്തരത്തില്‍ അവഗണിക്കുന്ന സാഹചര്യമുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. .