കൃഷിയിറക്കി 'സുഭിക്ഷ'മായി കാസര്‍കോട് ഒന്നാമത്

post

ജില്ലയിലെ 1174.97 ഹെക്ടര്‍ തരിശു നിലത്തില്‍ കൃഷിയിറക്കി

ജില്ലയില്‍ ഒന്നാമത് കാഞ്ഞങ്ങാട് ബ്ലോക്ക്

കാസര്‍ഗോഡ് : സുഭിക്ഷ കേരളം പദ്ധതിയില്‍ സംസ്ഥാനതലത്തില്‍  ഒന്നാമതായി കാസര്‍കോട് ജില്ല. പല മേഖലകളില്‍ നിന്ന് കണ്ടെത്തി ജില്ലയിലെ 1174.97 ഹെക്ടര്‍ തരിശു നിലമാണ്  കൃഷിയോഗ്യമാക്കിയത്. ഇതില്‍ 560.39 ഹെക്ടറില്‍ നെല്‍ കൃഷിയും 360.3 ഹെക്ടറില്‍ മരച്ചീനിയും 193.887 ഹെക്ടറില്‍ പച്ചക്കറിയും 38.5 ഹെക്ടറില്‍ വാഴയും മറ്റ് ഫല വര്‍ഗങ്ങളും 15.4 ഹെക്ടറില്‍ പയറു വര്‍ഗങ്ങളും കൃഷിയിറക്കി. 6.5 ഹെക്ടറില്‍ ചെറു ധാന്യങ്ങള്‍ കൃഷി ചെയ്തത് പുതിയ കാല്‍വെപ്പായി. കോവിഡ്  19 സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യോല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി വിവിധ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചതാണ് സുഭിക്ഷ കേരളം പദ്ധതി.

സുഭിക്ഷ കേരളത്തില്‍ കൂടുതല്‍ ഭൂമി കൃഷി യോഗ്യമാക്കിയ കാഞ്ഞങ്ങാട് ബ്ലോക്കാണ് ജില്ലയില്‍ ഒന്നാം സ്ഥാനക്കാര്‍. 308.40 ഹെക്ടര്‍ തരിശു ഭൂമിയിലാണ് കാഞ്ഞങ്ങാട് ബ്ലോക്ക് കൃഷിയിറക്കിയത്.  227.94 ഹെക്ടര്‍ തരിശു സ്ഥലത്ത് കൃഷിറക്കി പരപ്പയും 152.5 ഹെക്ടറുമായി നീലേശ്വരവുമാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍. കാറഡുക്ക ബ്ലോക്കില്‍  255 ഹെക്ടര്‍ തരിശ് ഭൂമിയിലും കാസര്‍കോട് ബ്ലോക്കില്‍ 139.15 ഹെക്ടര്‍ തരിശ് ഭൂമിയിലും മഞ്ചേശ്വരം ബ്ലോക്കില്‍  91.98 ഹെക്ടര്‍ തരിശ് ഭൂമിയിലും  കൃഷിയിറക്കി. കൃഷി വകുപ്പിനും പഞ്ചായത്ത് ഭരണസമിതികള്‍ക്കും ഒപ്പം യുവാക്കളും സംഘടനകളും നാട് മുഴുവനും ഒന്നിച്ച് നിന്നപ്പോള്‍ സുഭിക്ഷ കേരളം ജില്ലയില്‍ ജനകീയ യജ്ഞമായി.

ഭക്ഷ്യധാന്യ ഉല്‍പാദനവും സാമ്പത്തിക നേട്ടവും

ജില്ലയില്‍ സുഭിക്ഷ കേരളത്തിന്റെ ഭാഗമായത് കര്‍ഷകര്‍ മാത്രമായിരുന്നില്ല. തരിശിട്ട കൃഷി സ്ഥലം കൃഷി യോഗ്യമാക്കുന്നതിനുള്ള യജ്ഞത്തില്‍ യുവജന ക്ലബ്ബുകളും സംഘടനകളും സ്വാശ്രയ സംഘങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും കാര്‍ഷിക സംഘടനകളും സര്‍വ്വീസ് സഹകരണ ബാങ്കുകളും പങ്കാളികളായി. കോവിഡിനെ തുടര്‍ന്നുണ്ടായ അടച്ചുപൂട്ടല്‍ ഭക്ഷ്യക്ഷാമം ക്ഷണിച്ചുവരുത്തുമെന്ന ആശങ്കയില്‍ സംഘ ശക്തിയില്‍ ആരംഭിച്ച സുഭിക്ഷ കേരളത്തിലൂടെ 12928.56 ടണ്‍ ഭക്ഷ്യധാന്യമാണ് കാസര്‍കോട്ടുകാര്‍ വിളവെടുത്തത്. ഇതിലൂടെ ഏകദേശം 15 കോടിയുടെ അധിക വരുമാനമുണ്ടാക്കാന്‍ ജില്ലയ്ക്ക് സാധിച്ചത് വലിയ നേട്ടമാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. വീണാറാണി പറഞ്ഞു.  

കോവിഡിനെ തുടര്‍ന്നുണ്ടായ അടച്ചുപൂട്ടലില്‍  തൊഴില്‍ നഷ്ടപ്പെട്ടവരും പ്രവാസികളും യുവാക്കളും വീട്ടമ്മമാരുമെല്ലാം ഒറ്റക്കെട്ടായി കൃഷിയെ നെഞ്ചേറ്റിയപ്പോള്‍ ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുവാന്‍ കൃഷിവകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ഒപ്പമുണ്ടായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാനായി വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ സജ്ജമാക്കി. വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ  വിവിധ വിഷയങ്ങളില്‍ 94 ക്ലാസുകള്‍ സുഭിക്ഷ കേരളത്തിന്റെ ഭാഗമായി നടന്നു. ബ്ലോക്ക് തലത്തില്‍ ആരംഭിച്ച കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിലേക്ക് കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധനെ ചുമതലപ്പെടുത്തിയതും ഓരോ കൃഷിഭവന്റെയും 'ജൈവഗൃഹ'ത്തോടനുബന്ധിച്ച് നടത്തിയ 246 കൃഷി പാഠശാലകളും കര്‍ഷകര്‍ക്ക് വഴികാട്ടിയായി.


നടീല്‍ വസ്തുക്കളുടെ ഉല്‍പാദനവും വര്‍ധിച്ചു

ജില്ലയിലെ കാര്‍ഷിക ഉല്‍പാദനം കൂട്ടുന്നതിനോടൊപ്പം നടീല്‍ വസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാനും  സുഭിക്ഷ കേരളത്തിലൂടെ സാധിച്ചു. കൃഷിഭവന്‍ തലത്തില്‍ കര്‍ഷക കൂട്ടായ്മകളെ കേന്ദ്രീകരിച്ച് തയ്യാറാക്കിയ വിത്തും നടീല്‍ വസ്തുക്കളും തുടര്‍കൃഷിയില്‍ ഉപയോഗപ്പെടുത്തി. ജില്ലയില്‍ വിസ്മൃതിയിലാണ്ടു പോയിരുന്ന ചെറുധാന്യങ്ങളായ ചാമയുടെ 95 കിലോഗ്രാം വിത്തും റാഗിയുടെ 18 കിലോഗ്രാം വിത്തും ഉല്‍പാദിപ്പിച്ച് വിതരണം നടത്തി. 7870 കിലോഗ്രാം നെല്‍വിത്തും 1800 കിലോഗ്രാം കൂവ വിത്തും 4000 മീറ്റര്‍ മധുരക്കിഴങ്ങ് വള്ളിയും സുഭിക്ഷ കേരളം കൃഷിയുടെ തുടര്‍ഘട്ടത്തിലേക്ക് വഴി തുറന്നു കൊടുത്തു.  വിളവെടുപ്പിന് ശേഷം മരച്ചീനി തണ്ടും വാഴക്കന്നുകളും വിതരണത്തിന്‍ സജ്ജമാക്കും.

തരിശ് കൃഷിയോടൊപ്പം തെങ്ങിന്‍ തോട്ടത്തിലും കമുകിന്‍ തോട്ടത്തിലും  ഇടവിള കൃഷിയും സുഭിക്ഷ കേരളത്തിലൂടെ സാധ്യമായി. 60 ഹെക്ടറില്‍ ഞാലിപ്പൂവന്‍, മൈസൂര്‍ പൂവന്‍, റോബസ്റ്റ, 18 ഹെക്ടറില്‍ ഇഞ്ചി, മഞ്ഞള്‍ എന്നിവയാണ് ഇടവിളയായി കൃഷി ചെയ്തത്.  കൃഷിഭവനില്‍ നിന്നും നടീല്‍ വസ്തുക്കള്‍ സൗജന്യ നിരക്കില്‍ വിതരണം ചെയ്തതിലൂടെ കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും കൃഷിയിലേക്ക് കടന്നു വരാന്‍ സാധിച്ചു.

മഴമറയൊരുക്കിയും ജൈവഗൃഹത്തിലൂടെയും കൃഷി

സുഭിക്ഷ കേരളത്തിന്റെ ഭാഗമായി 3810 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള മഴ മറയാണ് കാസര്‍കോട് പ്രവര്‍ത്തന സജ്ജമായത്.  41 കര്‍ഷകരുടെ പുരയിടത്തില്‍ തയ്യാറാക്കിയ മഴമറയിലൂടെ മഴക്കാലത്തും പച്ചക്കറി കൃഷി ചെയ്യാന്‍ സാധിക്കും. സംസ്ഥാനതലത്തില്‍ ഒരു കോടി ഫലവൃക്ഷത്തൈകളുടെ വിതരണം ജില്ലയിലുണ്ടാക്കിയ മാറ്റം ചെറുതല്ല.  രണ്ട് ഘട്ടത്തിലായി 4,59,578 ഫലവൃക്ഷത്തൈകളാണ് കൃഷിഭവനുകളില്‍ നിന്നും വിതരണം ചെയ്തത്.  ജില്ലയിലെ കൃഷി വകുപ്പ് ഫാമുകളില്‍ നിന്നും 68,060, കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും 66,535, വെജിറ്റബിള്‍ ആന്‍ന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളയില്‍ നിന്നും 1,76,860, കാര്‍ഷിക കര്‍മ്മസേന വഴി 18,180, തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും 15,635, കുടുംബശ്രീയില്‍ നിന്നും 2,308, വനംവകുപ്പ് മുഖേന 1,12,000 തൈകളാണ് സുഭിക്ഷ കേരളത്തിന്റെ ഭാഗമായി വിതരണം നടത്തിയത്. മാവ്, സപ്പോട്ട ഗ്രാഫ്റ്റ് തൈകളും പേര ലെയറുകളും ടിഷ്യുകള്‍ച്ചര്‍ വാഴതൈകളും വാഴക്കന്നും മുരിങ്ങ തൈയും കറിവേപ്പില തൈയും പ്ലാവിന്‍ തൈയും പുളിതൈയും പപ്പായ തൈയും ചാമ്പ തൈകളും പാഷന്‍ ഫ്രൂട്ട് തൈകളുമാണ് വിതരണം ചെയ്തത്.

സംയോജിത കൃഷി രീതിയുടെ വികസനത്തിനായി സുഭിക്ഷ കേരളത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതിയാണ് ജൈവഗൃഹം. അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി മാനേജ് മെന്റ് ഏജന്‍സി കൃഷിഭവന്‍ മുഖേനയാണ് പദ്ധതി നടപ്പാക്കിയത്.  ജില്ലയിലെ വിവിധ കൃഷിഭവനുകളിലൂടെ 746 ജൈവഗൃഹങ്ങളാണ് നടപ്പാക്കിയത്.

സ്‌മോള്‍ ഫാര്‍മര്‍ അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യത്തില്‍ ജില്ലയില്‍ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലെ രണ്ട് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ രജിസ്റ്റര്‍ ചെയ്തു. പരപ്പ ബ്ലോക്കിലെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനില്‍ 10 ഫാര്‍മര്‍ ഇന്‍സ്റ്റന്റ് ഗ്രൂപ്പുകളില്‍ നിന്ന് 300 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  വാഴ, പച്ചക്കറി, കശുമാവ് എന്നീ ഉല്‍പ്പന്നങ്ങളാണ് ഇവര്‍ കൃഷി ചെയ്യുന്നത്.  250 ഹെക്ടര്‍ പ്രദേശത്ത് കൃഷി നിലവിലുണ്ട്.  കാഞ്ഞങ്ങാട് ബ്ലോക്കിലെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനില്‍ 15 ഗ്രൂപ്പുകളാണ് നിലവിലുള്ളത്.  ഇവിടെ 250 ല്‍ അധികം കര്‍ഷകര്‍ അംഗങ്ങളായിട്ടുണ്ട്. പച്ചക്കറികളാണ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ കൈകാര്യം ചെയ്യുന്നത്. നിലവില്‍ 100 ഹെക്ടര്‍ പ്രദേശത്ത് കൃഷി ചെയ്തു വരുന്നു.